
മടവീഴ്ചയ്ക്ക് അറുതിയില്ല, തിരിഞ്ഞുനോക്കാൻ ആരുമില്ല
ആലപ്പുഴ: തുടർച്ചയായുണ്ടാകുന്ന മടവീഴ്ച കൈനകരി കനകാശേരി പാടശേഖരത്തിലെ ബണ്ടുകളിൽ താമസിക്കുന്ന കർഷക, കർഷകത്തൊഴിലാളി കുടുംബങ്ങളുടെ ജീവിതം ദുരിതത്തിലാക്കുന്നു. കഴിഞ്ഞ 17ന് ഉച്ചയ്ക്കുണ്ടായ മടവീഴ്ചയിൽ 800 ഏക്കർ കൃഷി നശിക്കുകയും അഞ്ഞൂറോളം വീടുകൾ വെള്ളത്തിലാവുകയും ചെയ്തു.
ഓരോ മടവീഴ്ചക്കാലത്തും ആശ്വാസ വാക്കുകളുമായി ജനപ്രതിനിധികൾ എത്താറുണ്ടെങ്കിലും ശാശ്വതമായ ഒരു പരിഹാരം ഇനിയുമില്ല. കഴിഞ്ഞ വർഷം കാലവർഷത്തിൽ മടവീണ് ആറുമാസം കഴിഞ്ഞിട്ടും പുറംബണ്ട് ബലപ്പെടുത്താൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് 100ൽ അധികം വീട്ടമ്മമാരും കർഷകരും ചേർന്ന് അന്നത്തെ കളക്ടർ എം.അഞ്ജനയ്ക്ക് പരാതി നൽകിയെങ്കിലും തുടർ നടപടിയൊന്നും ഉണ്ടായില്ല. തുടർച്ചയായി വെള്ളം കെട്ടിക്കിടക്കുന്നതു മൂലം ബണ്ടിലെയും പാടത്തിനുള്ളിലെയും വീടുകൾക്ക് ബലക്ഷയമുണ്ടായി തുടങ്ങി.
ഏക്കറിന് 40 കിലോ എന്ന കണക്കിൽ വിതയ്ക്കാനായി കൃഷിവകുപ്പ് നൽകിയ നെൽവിത്ത് കിളിർക്കാത്തതിനാൽ കർഷകർ കിലോയ്ക്ക് 40 രൂപ നിരക്കിൽ പുറത്തുനിന്ന് വാങ്ങിയ വിത്ത് ഏക്കറിൽ 60 കിലോ വീതം വിതയ്ക്കുകയായിരുന്നു. ഇതാണ് നശിച്ചത്. 35,000ൽ അധികം രൂപയാണ് ഏക്കറിന് ചെലവായത്. ഒരു പുറംബണ്ട് പൊട്ടിയാൽ കനകാശേരി, മീനപ്പള്ളി, വലയികരി പാടശേഖരങ്ങൾ വെള്ളത്തിലാവും. 500 കുടുംബങ്ങൾ പാടശേഖരങ്ങളുടെ ബണ്ടുകളിലാണ് താമസിക്കുന്നത്. മദ്ധ്യഭാഗത്തുള്ള 100 വീടുകളിൽ താമസിക്കാനാവാത്ത സ്ഥിതിയാവും. പ്രദേശത്തുള്ള കുപ്പപ്പുറം ഗവ.ഹൈസ്‌കൂളും വെള്ളത്തിലാവും. മുൻ വർഷങ്ങളിൽ ഈ സമയം പഠനം മുടങ്ങുന്നത് പതിവായിരുന്നു.
............................................
 പുറംബണ്ട് തകരുന്നത് 2018 മുതൽ തുടർച്ചയായി ആറാം തവണ
 ആനുപാതികമായ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ല
 വലിയകരി - കനകാശേരി പാടശേഖരങ്ങളെ വേർപെടുത്തുന്ന തട്ടുങ്കൽ ബണ്ടും മീനപ്പള്ളി - കനകാശേരി പാടങ്ങളെ വേർതിരിക്കുന്ന കമ്പനി വാർഡ് ബണ്ടുകളും ഉയരം കൂട്ടി ബലപ്പെടുത്തണമെന്ന് കർഷകർ
 വെള്ളത്തിൽ മുങ്ങിയ കുടുംബങ്ങൾക്ക് പ്രാഥമികാവശ്യങ്ങൾ പോലും നിറവേറ്റാനാകാത്ത അവസ്ഥ
............................................
നെഞ്ചുതകർക്കുന്ന കാഴ്ച
47 ദിവസം വരെ പ്രായമായ നെൽച്ചെടികളാണ് കനകാശേരി പാടത്ത് വെള്ളത്തിലായത്. വലിയകരി, മീനപ്പള്ളി പാടശേഖരങ്ങളും മടവീഴ്ചയിൽ മുങ്ങി. വട്ടക്കായലിന് സമീപത്തെ പുറംബണ്ടിൽ 15 മീറ്റർ നീളത്തിലാണ് മടവീണത്. ഇവിടെ കൃഷിവകുപ്പിന്റെ എൻജിനിയറിംഗ് വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് നിർമ്മാണത്തിലിരുന്ന ബണ്ടാണ് തകർന്നത്. ഇതിന്റെ ഇരുഭാഗത്തും പിള്ള ബണ്ട് നിർമ്മാണം നടക്കുന്നതിനിടെ വേലിയേറ്റത്തിൽ മണലും ചെളിയും ഒലിച്ചു പോയാണ് വീണ്ടും മടവീണത്.
നബാർഡ് പദ്ധതി
ആറുമാസം മുമ്പ് മന്ത്രി ഡോ. ടി.എം.തോമസ് ഐസക്ക് മൂന്ന് പാടശേഖരങ്ങളിലെ ബണ്ട് കോൺക്രീറ്റ് സ്ളാബിൽ ബലപ്പെടുത്താൻ നാല് കോടി രൂപ നബാർഡിൽ നിന്ന് അനുവദിച്ചു. വിശദമായ പ്രോജക്ട് തയ്യാറാക്കാൻ മൈനർ ഇറിഗേഷനെ ചുമതലപ്പെടുത്തിയെങ്കിലും പദ്ധതി എങ്ങുമെത്തിയില്ല.
കൃഷിനാശത്തിന്റെ പശ്ചാത്തലത്തിൽ കാർഷിക വായ്പകൾ എഴുതിത്തള്ളണം. കല്ലുകെട്ടി ബലമുള്ള പുറംബണ്ടുകൾ നിർമ്മിക്കണം. കുടുംബങ്ങൾക്ക് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ സംവിധാനം ഏർപ്പെടുത്തണം
(കർഷകർ)
താത്കാലിക ബണ്ടിന്റെ എസ്റ്റിമേറ്റ് ഉടൻ
ആലപ്പുഴ: കുട്ടനാട്ടിലെ കൈനകരി കനകാശേരി പാടശേഖരത്തിലെ മടവീഴ്ച ദുരിതം അകറ്റാൻ മോട്ടോർ തറയ്ക്ക് പുറത്തായി താത്കാലിക ബണ്ടു നിർമ്മിക്കാനുള്ള എസ്റ്റിമേറ്റ് അടിയന്തിരമായി തയ്യാറാക്കാൻ ഇറിഗേഷൻ വകുപ്പിനോട് കളക്ടർ എ.അലക്‌സാണ്ടർ നിർദ്ദേശിച്ചു. മടവീഴ്ചയുമായി ബന്ധപ്പെട്ടു കളക്ടറുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് ചേംബറിൽ നടന്ന യോഗത്തിലാണ് നിർദ്ദേശം. താത്കാലിക ബണ്ടു നിർമ്മിക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കാൻ എസ്റ്റിമേറ്റ് സഹിതം സർക്കാരിൽ സമർപ്പിക്കും. ദുരിതബാധിതർക്ക് സൗജന്യ പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്യുന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ച് സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും കളക്ടർ അറിയിച്ചു. കനകാശേരിയോടു ചേർന്ന് മീനപ്പള്ളി, വലിയകരി എന്നീ പാടശേഖരങ്ങൾ കൂടി ഉൾപ്പെടുന്നതിനാൽ കനകശേരിയിൽ മട വീണാൽ ഈ പാടശേഖരങ്ങളെ കൂടി സാരമായി ബാധിക്കുമെന്നു കുട്ടനാട് പാക്കേജ് എൻജിനീയർ യോഗത്തിൽ അറിയിച്ചു. കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി മീനപ്പള്ളി പാടശേഖരത്തിന്റെ ബണ്ട് പൈലിംഗ് സ്ലാബ് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. നബാർഡിന്റെ സഹായത്തോടുകൂടി 451 ലക്ഷം രൂപ കനകാശേരി പാടശേഖരത്തിനും 831 ലക്ഷം രൂപ വലിയകരി പാടശേഖരത്തിനും ബണ്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് അനുവദിച്ചിട്ടുണ്ട്. ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് അടിയന്തിര പ്രാധാന്യത്തോടെ ബണ്ടു നിർമാണം പൂർത്തിയാക്കാൻ കഴിയും. മീനപ്പള്ളി-കനകാശേരി പാടശേഖരങ്ങളെ വേർതിരിക്കുന്ന ഭാഗത്ത് പി.ഡബ്ല്യു.ഡി റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഈ റോഡിന് സമുദ്രനിരപ്പിൽ നിന്നു 1.5 മുതൽ 2 മീറ്റർ ഉയരമുണ്ടാവും. അത് പൂർത്തിയാകുമ്പോൾ ബണ്ടുകൾ ബലപ്പെടുമെന്നും പിഡബ്ല്യുഡി റോഡ്‌സ് അധികൃതർ അറിയിച്ചു. യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ ആശാ സി.എബ്രഹാം, ഇറിഗേഷൻ എക്‌സിക്യുട്ടീവ് എൻജനീയർ മോളിക്കുട്ടി ഇമ്മാനുവൽ, ചെങ്ങന്നൂർ കെ.ഡി സർക്കിൾ എസ്.ഇ.ബിനോയ് ടോമി ജോർജ്, മേജർ ഇറിഗേഷൻ എക്‌സിക്യുട്ടീവ് എൻജിനീയർ എം.സി.സജീവ് കുമാർ, പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ ലതാ മേരി ജോർജ്, മങ്കൊമ്പ് ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ വി.ബിന്ദു, കുട്ടനാട് പി.ഡബ്ല്യു.ഡി റോഡ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ എസ്.ഗൗരി കാർത്തിക, കുട്ടനാട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ എസ്.സുഭാഷ് എന്നിവർ പങ്കെടുത്തു.