s

മത്സ്യ സഹ. സംഘങ്ങളിലെ തൊഴിലാളികൾ പോളവാരും

ആലപ്പുഴ: വേമ്പനാട് കായലിലെ പരമ്പരാഗത ഭീഷണയായ പോളശല്യം ഒഴിവാക്കാൻ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളെ രംഗത്തിറക്കി പരീക്ഷണം. 250 തൊഴിലാളികളെ ദിവസം 560 രൂപ വേതനത്തിൽ നിയോഗിച്ച് പരമാവധി പോള ഒഴിവാക്കുകയാണ് ലക്ഷ്യം

പദ്ധതിയുമായി സഹകരിക്കാൻ തയ്യാറുള്ള സംഘങ്ങളെ മത്സ്യഫെഡ് തിരഞ്ഞെടുക്കും. ഒരു സംഘത്തിന് 100 തൊഴിൽദിനങ്ങൾ ഉറപ്പാക്കും. 10 മത്സ്യത്തൊഴിലാളി സൊസൈറ്റികളിൽ നിന്നുള്ള 25 പേരെ വീതമാണ് പദ്ധതിക്ക് നിയോഗിക്കുക. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്കാണ് ചുമതല. വാരുന്ന പോള വള്ളങ്ങളിൽ ശേഖരിച്ച് കരയ്ക്കെത്തിക്കും. പോള വാരൽ മുഹമ്മ, അരൂർ, തണ്ണീർമുക്കം എന്നിവിടങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. കായലിൽ മത്സ്യബന്ധനം നടത്തുന്നവർക്ക് ഈ പോളവാരൽ വരുമാനമാർഗം കൂടിയാവും.

പോളശല്യം രൂക്ഷമായതോടെ ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവ്വീസുകളും മറ്റു ജലയാനങ്ങളും വല്ലാതെ ബുദ്ധിമുട്ടുന്നു. 40 മിനിട്ട് ദൈർഘ്യം മാത്രമുള്ള മുഹമ്മ -കുമരകം റൂട്ടിൽ യാത്ര പൂർത്തിയാക്കാൻ ഒന്നര മണിക്കൂറോളം വേണ്ടിവരുന്ന അവസ്ഥ. വള്ളമിറക്കാൻ കഴിയാത്തതിനാൽ കക്കാത്തൊഴിലാളികളും വലയുകയാണ്. തണ്ണീർമുക്കം,മുഹമ്മ,അരൂർ മേഖലകളിലാണ് പോളകൾ കൂടുതലായി അടിഞ്ഞിരിക്കുന്നത്. വർഷകാലത്ത് പുന്നമട മുതൽ കൊച്ചിവരെയുള്ള കായലിന്റെ കിഴക്കേ തീരത്തും തുലാവർഷത്തിൽ പടിഞ്ഞാറെ തീരത്തുമാണ് പോള അടിയുന്നത്. കായലിൽ നിറയുന്ന പോള മത്സ്യബന്ധനത്തിന് തടസമാണെന്ന കാര്യം മത്സ്യത്തൊഴിലാളികൾ വളരെക്കാലമായി ചൂണ്ടിക്കാട്ടുന്നുണ്ട്.

ബോട്ടുകൾ മുടങ്ങുന്നു

പോള കുടുങ്ങി ബോട്ടുകൾക്ക് യന്ത്രത്തകരാർ ഉണ്ടാകുന്നതിനാൽ സർവീസുകൾ മുടക്കേണ്ടി വരുന്നു. തണ്ണീർമുക്കം ബണ്ട് അടച്ചതോടെ ഉപ്പുവെള്ളത്തിന്റെ വരവ് നിലച്ചു. ഇതോടെ പോളപ്പായൽ ചീയാനുള്ള സാദ്ധ്യതയുമില്ലാതായി. എങ്കിലും കായലിൽ ഉപ്പിന്റെ അംശമുള്ളതിനാൽ ചിലയിടങ്ങളിൽ ചീയുന്നുണ്ട്. പക്ഷേ, അടിത്തട്ടിലേക്ക് പോകാതെ ജലോപരിതലത്തിൽത്തന്നെ കിടക്കുകയാണിത്. കുട്ടനാടൻ പ്രദേശങ്ങളിലെ അഴുകിയ പോള ഹൗസ് ബോട്ട് സർവീസുകളെയും ബാധിക്കുന്നു. കുട്ടനാട്ടിൽ കൃഷി ആരംഭിക്കുന്നതിന് മുമ്പ് പാടശേഖരങ്ങളിലെ പോള കായലിലേക്ക് തള്ളി വിടുന്നതാണ് പെരുകാൻ കാരണം. മാർച്ച്, ഏപ്രിൽ മാസത്തിൽ ബണ്ട് തുറക്കുന്നവരെ ഈ ദുരിതം തുടരും.

പോള വാരാൻ

 തൊഴിൽ ദിനങ്ങൾ..............100

 തൊഴിലാളികൾ................... 250

 വേതനം ദിവസം..................₹ 560

മത്സ്യഫെഡാണ് മത്സ്യത്തൊഴിലാളികളെ തിരഞ്ഞെടുത്തിരിക്കുന്നത്. പൈലറ്റ് പ്രോജക്ട് ആണിത്. പോള വാരൽ നടപടി ആരംഭിച്ചിട്ടുണ്ട്.100 ദിവസം തൊഴിൽദിനം മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാകും

(ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ )