s

ഒരാഴ്ചക്കുള്ളിൽ വില പകുതിയോളം കുറഞ്ഞു

ആലപ്പുഴ: ക്രിസ്മസിന് ഒരാഴ്ച ബാക്കി നിൽക്കേ വിപണിയിൽ പഴം-പച്ചക്കറികൾക്ക് വിലകുറഞ്ഞു തുടങ്ങിയത് ആശ്വാസമാകുന്നു. പച്ചക്കറിക്ക് 50 ശതമാനം വരെ വിലക്കുറവുണ്ട്. കഴിഞ്ഞ വർഷം ഈ സമയത്ത് പച്ചക്കറിക്ക് പൊള്ളുന്ന വിലയായിരുന്നു.

തമിഴ്നാട്ടിൽ പച്ചക്കറി സീസണായതോടെയാണ് വില കുറഞ്ഞു തുടങ്ങിയതെന്ന് വ്യാപാരികൾ പറയുന്നു. കേരളത്തിൽ ചേന,പൈനാപ്പിൾ,പടവലം,കാച്ചിൽ എന്നീ കൃഷികൾ വ്യാപകമായതും ഗുണം ചെയ്തു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി സുലഭമാണെങ്കിലും നാടൻ പച്ചക്കറികളോടാണ് മലയാളികൾക്ക് പ്രിയം. മൂന്നാറിലും മറയൂരിലും കാന്തല്ലൂരിലും ഉത്പാദിപ്പിച്ച പച്ചക്കറികൾ വിപണിയിൽ എത്തുന്നുണ്ട്. എങ്കിലും മേട്ടുപാളയം,പൊള്ളാച്ചി, കമ്പം, തേനി, ഊട്ടി, ബംഗളൂരു, മൈസൂർ എന്നിവിടങ്ങളിൽനിന്നാണ് ജില്ലയിലേക്ക് പ്രധാനമായും പച്ചക്കറി എത്തുന്നത്. മേട്ടുപ്പാളയത്തു നിന്ന് എത്തുന്ന ക്യാരറ്റ്,ബീറ്റ്റൂട്ട് എന്നിവയ്ക്ക് കഴിഞ്ഞ ആഴ്ചയിലുണ്ടായിരുന്നതിനേക്കാൾ പകുതി വിലയേ ഇപ്പോഴുള്ളൂ. ലോക്ക് ഡൗൺ മുതൽ പച്ചക്കറി വിപണിയിൽ വിലക്കയറ്റത്തിന്റെ നാളുകളായിരുന്നു.

മത്സ്യം,ഇറച്ചി വില ഇപ്പോഴും ഉയർന്നു നിൽക്കുന്നതിനാൽ പച്ചക്കറിയുടെ വിലക്കുറവ് ജനങ്ങൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. തമിഴ്നാട്ടിൽ പച്ചക്കറി സീസൺ ആയതിനാൽ മേയ് വരെ വില ഉയരുവാൻ സാദ്ധ്യതയില്ല. എന്നാൽ വിഷുസീസണിൽ കൃത്രിമ വിലക്കയറ്റം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. പച്ചക്കറിക്ക് വില കുറഞ്ഞതോടെ വിവിധ ഇനങ്ങൾ ഉൾക്കൊള്ളിച്ച 50രൂപ,100 രൂപ വില വരുന്ന കിറ്റുകളും വഴിയോരക്കച്ചവട കേന്ദ്രങ്ങളിൽ നിരന്നു തുടങ്ങി. പച്ചക്കറിയ്ക്ക് വില ഉയർന്നതോടെ ഇത്തരം കിറ്റുകൾ അപ്രത്യക്ഷമായിരുന്നതാണ്.

പച്ചക്കറിയുടെ ഇന്നലത്തെ വില, ബ്രാക്കറ്റിൽ കഴിഞ്ഞ ആഴ്ചത്തെ വില

(കിലോഗ്രാമിന് രൂപയിൽ )

സവോള.....................30 (80)

ചെറിയ ഉള്ളി.............30 (100)

കിഴങ്ങ്........................40 (70)

പയർ...........................25(50)

ബീൻസ്......................30(60)

കോവയ്ക്ക.....................44 (55)

വെണ്ടയ്ക്ക.....................30 (40()

ക്യാരറ്റ്........................34 (90)

കാബേജ്....................24 (40)

ബീറ്റ്റൂട്ട്.....................36 (50)

തക്കാളി......................20 (40)

''വില ഇനിയും കുറയാൻ സാദ്ധ്യത ഉണ്ട്. മേട്ടുപ്പാളയം,മൈസൂർ,തേനി എന്നിവിടങ്ങളിൽ നിന്നാണ് പച്ചക്കറി കൂടുതൽ എത്തുന്നത്. വില ഉടനെ ഉയരാൻ ഇടയില്ല

(മാഹിൻ,പച്ചക്കി വ്യാപാരി)