s

ആലപ്പുഴ : തലയ്ക്ക് പരിക്കേല്പിച്ച് അമ്മയെ കൊലപ്പെടുത്തിയ കേസിൽ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റു ചെയ്ത മകനെ റിമാൻഡ് ചെയ്തു. ആലപ്പുഴ വട്ടയാൽ വട്ടത്തിൽ വീട്ടിൽ ക്‌ളീറ്റസിന്റെ ഭാര്യ ഫിലോമിനയെ(62) കൊലപ്പെടുത്തിയ കേസിലാണ് മകൻ സുനീഷിനെ (37) സൗത്ത് സി.ഐ എസ്.സനലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ അഞ്ചിന് തലയ്ക്ക് പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫിലോമിന 12നാണ് മരിച്ചത്. തലയിൽ പലക വീണ് പരിക്കേറ്റെന്നായിരുന്നു ബന്ധുക്കൾ ആശുപത്രിയിൽ പറഞ്ഞിരുന്നത്. എന്നാൽ, കൊലപാതകമാണെന്ന് സംശയം ഉള്ളതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി. കൊലപാതകമാണെന്നുള്ളതിന് തെളിവ് ലഭിക്കാത്തതിനാൽ അസ്വാഭാവിക മരണത്തിന് ആദ്യം കേസ് എടുത്തു. പിന്നീട് ലഭിച്ച പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്വഭാവിക മരണമല്ലെന്ന് വ്യക്തമായി. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കളുടെ മൊഴിയെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചതോടെ സുനീഷ് ഒളിവിൽപ്പോയി.

കഴിഞ്ഞ ദിവസം സുനീഷ് സൗത്ത് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിൽ മദ്യപിച്ച് എത്തിയപ്പോൾ അമ്മ വഴക്കുപറഞ്ഞതിനെ തുടർന്ന് പലക കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു എന്ന് സുനീഷ് മൊഴി നൽകി. കൊലപാതകം മറച്ചുവയ്ക്കാൻ ശ്രമിച്ച ബന്ധുക്കൾക്ക് എതിരെ നടപടി എടുമെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ കെ.ആർ.ബിജു, എ.എസ്.ഐമാരായ മോഹൻകുമാർ, ശരത്ചന്ദ്രൻ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.