
 പൊട്ടിപ്പൊളിഞ്ഞ സ്ളാബുകൾ ഭീഷണി
ആലപ്പുഴ: നഗരത്തിലെ നിരത്തുകളോട് ചേർന്ന കാനകളുടെ മീതേയുള്ള പൊട്ടിപ്പൊളിഞ്ഞ സ്ളാബുകളിൽ കാല് കുടുങ്ങാതെ നടന്നു നീങ്ങണമെങ്കിൽ വല്ലാത്ത ജാഗ്രതന്നെ വേണമെന്ന അവസ്ഥ! ജനത്തിരക്ക് ഏറെയുള്ള ഭാഗങ്ങളിലെ ഇത്തരം സ്ളാബുകളെങ്കിലും മാറ്റണമെന്ന ആവശ്യത്തിന് പരിഹാരമുണ്ടാവുന്നില്ല.
ചിലയിടങ്ങളിൽ കാനകൾ മൂടുന്ന സ്ലാബുകൾ തകർന്ന്, കമ്പികൾ പുറത്തേക്കു തള്ളി നിൽക്കുന്ന നിലയിലാണ്. മൂടിയില്ലാത്ത ഭാഗങ്ങളുമുണ്ട്. ചെറിയ പൊട്ടലുകൾ പോലും കാൽനട യാത്രികർക്ക് പരിക്ക് ഏൽപ്പിക്കാവുന്നവയാണ്. സൈഡ് ഒതുക്കുന്ന വാഹനങ്ങളുടെ ടയറുകൾ ഇത്തരം ഭാഗങ്ങളിൽ കുടുങ്ങുന്നതും പതിവ്. ജനുവരിയിൽ സ്കൂൾ തുറക്കുന്നതോടെ നഗര നടപ്പാതകളിൽ കുട്ടികളുടെ തിരക്ക് വർദ്ധിക്കും. കാനകളിലെ സ്ളാബുകൾ തകർന്നു കിടക്കുന്നിനാൽ കുട്ടികൾ റോഡിലേക്കിറങ്ങി നടക്കാറുണ്ട്. ഇത് മറ്റൊരു ഭീഷണിയാണ്. പലേടത്തും യാത്രക്കാരെ മുട്ടി, മുട്ടിയില്ല എന്ന രീതിയിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്.
കഴിഞ്ഞ വർഷം മുല്ലയ്ക്കൽ ചിറപ്പ് സമയത്ത് അധികൃതരോട് വ്യാപാരികളും റസിഡൻസ് അസോസിയേഷനുകളും കാനയിലെ അപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുണ്ടായെങ്കിലും നടപടി മാത്രം അകന്നുനിന്നു. നടപ്പാതകൾ പരിചിതമല്ലാത്തവർ അപടത്തിൽപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതുലാണ്, പ്രത്യേകിച്ചും കുട്ടികൾ. കാനകൾക്കു മീതേ പാഴ്ചെടികൾ പടർന്നു കിടക്കുന്നതും സഞ്ചാരത്തിനു തടസമാകുന്നു. കാൽനട യാത്രക്കാർക്ക് സുഗമമായ യാത്രാസൗകര്യം ഒരുക്കണമെന്നാണ് നഗരത്തിന്റെ ആവശ്യം.
....................
കാൽനട യാത്രികർക്ക് സൗകര്യപ്രദമായ വിധത്തിൽ ഫുട്പാത്ത് സൗകര്യം നഗരത്തിൽ ഇല്ലെന്നതാണ് സ്ഥിതി. ഇതിനു മാറ്റമുണ്ടാവണം
നഗരവാസികൾ
......................