
തലങ്ങും വിലങ്ങും പറക്കുന്നു 'സ്മാർട് ഫോൺ കാർഡു'കൾ
ആലപ്പുഴ: ഉന്തിന്റെ കൂടെയൊരു തള്ളും എന്ന ചൊല്ലുപോലെ പണ്ടേ ദുർബലമായിരുന്ന ക്രിസ്മസ് കാർഡ് വിപണി കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ പുകയായി മാറി. ഉള്ള സ്റ്റോക്ക് എങ്ങനെയെങ്കിലും വിറ്റഴിക്കുക എന്നതല്ലാതെ മറ്റൊരു പരീക്ഷണത്തിനും കാർഡ് വിപണിയിൽ ഈ ക്രിസ്മസ് അവസരമുണ്ടാക്കില്ലെന്നുറപ്പായി.
സ്മാർട്ഫോണിലൂടെ ചറപറ ആശംസകൾ അയയ്ക്കാമെന്നിരിക്കെ, മുൻ വർഷങ്ങളിൽത്തന്നെ ക്രിസ്മസ് കാർഡ് വിപണിയുടെ തിളക്കമറ്റിരുന്നു. തൂണിലും തുരുമ്പിലും വരെ കൊറോണ വൈറസ് ഉണ്ടാവാമെന്ന ഭീതിയുടെ സാഹചര്യത്തിൽ ഇത്തവണ കാർഡുകൾ അയച്ചാൽ വിലാസക്കാർ കൈപ്പറ്റുമോ എന്നുപോലും സംശയമായി!
അദ്ധ്യയനത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെയെല്ലാം കൈയിൽ സ്മാർട് ഫോണുണ്ട്. ആശംസാ കാർഡുകൾ തയ്യാറാക്കാൻ കഴിയുന്ന നൂറുകണക്കിന് ആപ്പുകളും സജ്ജം. പിന്നെന്തിന് പോസ്റ്റൽ കാർഡയച്ച് കാത്തിരിക്കണമെന്നതാണ് എല്ലാവരുടെയും മനോഭാവം. ഇന്റർനെറ്റിനൊഴികെ നയാ പൈസ ചെലവഴിക്കാതെ സ്വയം തയ്യാറാക്കിയ ആശംസാ കാർഡുകൾ ലോകത്തെവിടേക്കും നിമിഷങ്ങൾക്കകം പറപ്പിക്കാം.
കാലാകാലങ്ങളായി കണ്ടുപഴകിയ ഡിസൈസുകൾക്കപ്പുറം കാർഡുകളിൽ പുതുമകൾ വരുന്നില്ല. അതേസമയം സ്മാർട്ട് ഫോൺ ഉപയോഗിച്ച് പാട്ടും വീഡിയോയും അടക്കം എഡിറ്റ് ചെയ്ത് ചേർത്ത് സംഗതി അടിപൊളിയാക്കാം. ഒരു കൈയിൽ നിന്ന് മറുകൈയിലേക്ക് കൈമാറി വൈറസ് വ്യാപനത്തിന് കാരണമായെന്ന ചീത്തപ്പേരും ഉണ്ടാവില്ല. അഞ്ച് രൂപയുടെ ചെറിയ കാർഡ് മുതൽ 500 രൂപയുടെ കാർഡുകൾ വരെ വിപണിയിലുണ്ട്.