 എൽ.ഡി.എഫിൽ ഇടഞ്ഞ് ജനാധിപത്യ കേരള കോൺഗ്രസ് അംഗം

മാവേലിക്കര: ഇടതു, വലത് മുന്നണികളും എൻ.ഡി.എയും 9 സീറ്റുവീതം നേടിയതോടെ ചെയർമാൻ സ്ഥാനം ഏക സ്വതന്ത്രന്റ നിലപാടിനെ ചുറ്റിപ്പറ്റി നിൽക്കുന്ന മാവേലിക്കര നഗരസഭയിൽ എൽ.ഡി.എഫിന് തലവേദനയായി മുന്നണിയിലെ ജനാധിപത്യ കേരള കോൺഗ്രസ് അംഗം ബിനു വർഗീസ് രംഗത്ത്. ചെയർമാൻ സ്ഥാനം നൽകിയാൽ യു.ഡി.എഫുമായോ എൻ.ഡി.എയുമായോ സഹകരിക്കുന്നതിന് തടസമില്ലെന്ന് ബിനു വർഗീസ് പറഞ്ഞത് എൽ.ഡി.എഫിന് ഞെട്ടലായി. എന്നാൽ, പാർട്ടി പറയാതെ ബിനു വർഗീസ് സ്വയമെടുത്ത തീരുമാനമാണെങ്കിൽ വിപ്പിൽ കുടുങ്ങി അയോഗ്യനാകും.

ചെയർമാൻ സ്ഥാനം നൽകുന്നവരോടൊപ്പം നിലകൊള്ളുമെന്ന് വിമതനായി വിജയിച്ച സ്വതന്ത്രൻ ശ്രീകുമാർ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിനുവിന്റെ രംഗപ്രവേശം. 5 വർഷത്തേക്ക് ചെയർമാൻ സ്ഥാനം നൽകണമെന്ന ആവശ്യത്തോട് എൽ.ഡി.എഫിൽ നിന്ന് അനുകൂല മറുപടി ലഭിക്കാത്തതിനെതുടർന്നാണ് മറ്റു മുന്നണികളോടും അയിത്തമില്ലെന്ന് ബിനു പരസ്യമായി പറഞ്ഞത്. സ്വതന്ത്രൻ ശ്രീകുമാറുമായി മുന്നണികൾ ചർച്ച നടത്തിയെങ്കിലും ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. എൽ.ഡി.എഫ് വിമതനായി ജയിച്ച ശ്രീകുമാറിന് എൽ.ഡി.എഫിനോടാണ് ആഭിമുഖ്യമെങ്കിലും ഇദ്ദേഹത്തെ സ്വീകരിച്ച് ചെയമാനാക്കുന്നതിൽ താത്പര്യമില്ലെന്ന് മന്ത്രി ജി. സുധാകരൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

മുന്നണി വിട്ടേക്കാമെന്ന ബിനു വർഗീസിന്റെ നിലാപാടിനൊപ്പം ജനാധിപത്യ കേരള കോൺഗ്രസ് നിലയുറപ്പിച്ചാൽ എൽ.ഡി.എഫിന് ഭരണത്തിലെത്താൻ കഴിയില്ല. നിലവിലെ സാഹചര്യത്തിൽ ശ്രീകുമാർ എത്തിച്ചേരുന്ന മുന്നണി അധികാരത്തിലെത്തും. എന്നാൽ ബിനു വർഗീസും പാർട്ടിയും എൽ.ഡി.എഫ് വിട്ടാൽ വീണ്ടും പ്രതിസന്ധിയാവും ഫലം. ഇനി, പാർട്ടി തീരുമാന പ്രകാരം ബിനുവും ഒപ്പം ശ്രീകുമാറും ഒരുമിച്ച് ഒരു മുന്നണിയിലെത്തിയാൽ അവർ അധികാരത്തിലെത്തും. പക്ഷേ, ചെയർമാൻ സ്ഥാനത്തെച്ചൊല്ലിയുള്ള കടിപിടി തുടരുകയും ചെയ്യും.

എന്നാൽ മുൻ കോൺഗ്രസുകാരനായ ബിനു വർഗീസിനെ ചെയർമാനാക്കി ഭരണത്തിലെത്താനുള്ള നീക്കത്തിന് കോൺഗ്രസിൽ തന്നെ വിയോജിപ്പുണ്ട്. ഇതിനിടെ മുന്നണി സംവിധാനത്തിൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച കൗൺസിലറുമാരുമായും ചർച്ചകൾ നടക്കുന്നുണ്ട്.