
ആലപ്പുഴ: മുട്ടക്കോഴി കുഞ്ഞുങ്ങളെന്ന പേരിൽ തമിഴ്നാട്ടിൽ നിന്നെത്തുന്ന 'തട്ടിപ്പ് കുഞ്ഞു'ങ്ങളെ കുറഞ്ഞ വിലയ്ക്ക് വാങ്ങി വളർത്തുന്ന വീട്ടുകാർ, ഇവ അല്പസ്വല്പം പ്രായമാവുമ്പോൾത്തന്നെ പൂവന്റെ 'സ്വഭാവം' അനുഭവിച്ചറിയുന്നു! ഗുണനിലവാരമുള്ള മുട്ടക്കോഴികളെ സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് പൗൾട്രി വികസന കോർപ്പറേഷൻ 100 ശതമാനം ഗാരണ്ടിയോടെ നൽകുമ്പോൾ, റോഡരികിലും മറ്റും കൂട്ടിയിട്ട് വിൽക്കുന്ന കുഞ്ഞുങ്ങളെ വിലക്കുറവിൽ ആകൃഷ്ടരായി വാങ്ങുന്ന വീട്ടുകാർ പിടക്കോഴി കൂവുന്നത് കണേണ്ടിവരുമെന്നുറപ്പ്.
പൗൾട്രി വികസന കോർപ്പറേഷന്റെ കോഴിക്കുഞ്ഞുങ്ങൾക്ക് അത്യുത്പാദനശേഷിയും രോഗപ്രതിരോധ ശേഷിയും 'വരത്തൻ'മാരെ അപേക്ഷിച്ച് വളരെ കൂടുതലാണ്. മൃഗസംരക്ഷണ വകുപ്പ് വഴിയാണ് വിതരണം. 50 ദിവസം പ്രായമായ കുഞ്ഞിന് 170 രൂപയാണ് യഥാർത്ഥ വില. വകുപ്പ് വഴി വിതരണം ചെയ്യുമ്പോൾ 50 രൂപ സബ്സിഡി പ്രകാരം 120 രൂപയ്ക്ക് ലഭിക്കും. എന്നാൽ ഇതേ പ്രായമുള്ള തമിഴ്നാടൻ കോഴികൾ 60-80 രൂപ നിരക്കിൽ വീട്ടിലെത്തിക്കുന്ന സ്വകാര്യ ഏജൻസികളുണ്ട്. മുട്ടക്കോഴി കുഞ്ഞുങ്ങൾ എന്നുതന്നെയാണ് പേര്. ഏതെങ്കിലും തരത്തിലുള്ള രോഗപ്രതിരോധ മാർഗങ്ങൾ ഇവയുടെ ഏഴയലത്തുപോലും എത്തിയിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ നാടൻ കോഴിക്കുഞ്ഞുങ്ങളുടെ കൂട്ടത്തിൽ ഇവയിൽ ഒരെണ്ണം എത്തിയാൽപ്പോലും എന്തെങ്കിലുമൊക്കെ രോഗങ്ങൾ പടരാൻ സാദ്ധ്യതയുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നു.
തമിഴ്നാടൻ മുട്ടക്കോഴി കുഞ്ഞുങ്ങളിൽ ഭൂരിഭാഗവും പ്രായമാവുമ്പോഴാണ്, അവ പൂവനായിരുന്നുവെന്ന് മനസിലാവുന്നത്. കോഴി പൂവനോ, പിടയോ എന്ന് ഉറപ്പാക്കാൻ മൂന്നുമാസമെങ്കിലും വളർച്ചയെത്തണം. എന്നാൽ ഫാമുകളിലെ വിദഗ്ദ്ധർക്ക് രണ്ടോ മൂന്നോ ദിവസത്തിനിടെ കോഴിയെ അറിയാനാവും. മുട്ടയ്ക്കായി കോഴികളെ വളർത്തുന്ന കർഷകർ തമിഴ്നാടൻ കോഴികളെ ലാഭം പ്രതീക്ഷിച്ച് കൂടുതലായി വാങ്ങാറുണ്ട്. പക്ഷേ, ഇവയിലെ 80 ശതമാനവും പൂവനാണെന്ന് മനസിലാവുമ്പോൾ വളർത്തിയെ
ടുത്ത് ഇറച്ചിക്കായി വിൽക്കേണ്ടി വരുന്നത് അധിക ബാദ്ധ്യതയാവും.
 പൂവൻമാർ പുറത്ത്
ഫാമുകളിൽ നിന്ന് പുറന്തള്ളുന്ന പൂവൻ കുഞ്ഞുങ്ങളെ ഏജന്റുമാർ കൂട്ടത്തോടെ കുറഞ്ഞ നിരക്കിൽ വാങ്ങും. ഇതിനൊപ്പം യഥാർത്ഥ മുട്ടക്കോഴി കുഞ്ഞുങ്ങളെ കൂട്ടിക്കലർത്തിയാണ് വില്പനയ്ക്ക് എത്തിക്കുന്നത്. പൂവൻ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വാക്സിനേഷൻ എടുക്കാതെ ഒരുമാസം പ്രയമാകുമ്പോൾ റോഡരികിൽ വലകെട്ടി വില്പന നടത്തും. ഇതിന് പുറമേ ഇരുചക്ര വാഹനങ്ങളിൽ വീട്ടുമുറ്റത്ത് എത്തിക്കാറുമുണ്ട്. കുട്ടികളെ ആകർഷിക്കാൻ ചായം പുരട്ടിയും എത്തിക്കും. ആറു മാസം വളർത്തിയാലേ പൂവൻമാർ ഇറച്ചിക്കോഴി പ്രായമാകൂ എന്നതിനാലാണ് ഫാമുകാർ തുടക്കത്തിലേ ഒഴിവാക്കുന്നത്. ഇത്രയും നാൾ തീറ്റ കൊടുക്കേണ്ടി വരുമെന്നതിനാൽ ഇറച്ചിക്കോഴി വളർത്തുകാർക്കും ഇവയോട് താത്പര്യം ഉണ്ടാവില്ല. കാരണം, 45 ദിവസം കൊണ്ട് ഇറച്ചിയാകുന്ന കോഴികളോടാണ് ഇക്കൂട്ടർക്ക് ഇഷ്ടം!
 വീട്ടമ്മമാരുടെ വരുമാനം
ഗ്രാമപ്രദേശങ്ങളിലെ വീട്ടമ്മമാർ നല്ല വരുമാനം ലഭിക്കുന്ന തൊഴിൽ എന്ന നിലയിലാണ് മുട്ടക്കോഴി വളർത്തൽ തിരഞ്ഞെടുക്കുന്നത്. ശരിയായി പരിപാലിക്കാൻ സമയവും മനസും ഉണ്ടെങ്കിൽ കുറഞ്ഞ ചെലവിൽ മികച്ച വരുമാനം നേടിയെടുക്കാൻ മുട്ടക്കോഴി വളർത്തലിലൂടെ സാധിക്കും. കോഴികളെ തിരഞ്ഞെടുക്കുന്നതിൽ തെറ്റുപറ്റിയാൽ വിപരീത ഫലമുണ്ടാവും.
സർക്കാർ ഫാമുകളിൽ ഗുണനിലവാരമുള്ളതും പ്രതിരോധ ശേഷിയുള്ളതുമായ മുട്ടക്കോഴി കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് കുറഞ്ഞ നിരക്കിൽ വീട്ടമ്മമാർക്കും ഫാംകർഷകർക്കും എത്തിക്കാൻ പ്രത്യേക പദ്ധതി വേണം
എസ്.കെ.നസീർ, സംസ്ഥാന സെക്രട്ടറി, കേരള പൗൾട്രി ഫെഡറേഷൻ
.......................
നിരക്ക് രൂപയിൽ
 ഗ്രാമശ്രീ, ഗ്രാമപ്രിയ,ഗ്രാമലക്ഷ്മി ഇനത്തിൽപെട്ട
60 ദിവസം പ്രായമായുള്ള മുട്ടക്കോഴി കുഞ്ഞുങ്ങൾ ഒരെണ്ണം-150
 45 ദിവസം പ്രായമായവ - 85
പ്രത്യേകത
 ഗ്രാമലക്ഷ്മി
160 ദിവസം കൊണ്ട് മുട്ടയിടും. 72 ആഴ്ചയിൽ 180- 200 മുട്ടകൾ. ശരാശരി ഭാരം 2.4 കി. ഗ്രാം
 ഗ്രാമപ്രിയ
175 ദിവസം കൊണ്ട് മുട്ടയിടും. 72 ആഴ്ചയിൽ 200-225 മുട്ടകൾ. ശരാശരി ഭാരം 2 കി. ഗ്രാം
 അതുല്യ
123 ദിവസം കൊണ്ട് മുട്ടയിടും. 72 ആഴ്ചയിൽ 280-290 മുട്ടകൾ. ശരാശരി ഭാരം 1.5 കി. ഗ്രാം