 
ആലപ്പുഴ: കുട്ടനാട്, അപ്പർകുട്ടനാടൻ മേഖലയിലെ ആയിരക്കണക്കിന് ഏക്കർ പാടശേഖരങ്ങളിലെ പുഞ്ചക്കൃഷിക്ക് ഭീഷണി ഉയർത്തി ഒാരുമുട്ട് നിർമാണം വൈകുന്നു. കരക്കൃഷികൾക്കും ഇത് ഭീഷണിയാണ്. ഇതുമൂലം ആയിരക്കണക്കിന് കർഷകർ ആശങ്കയുടെ മുൾമുനയിലാണ്.
പുഞ്ചക്കൃഷിയുടെ സംരക്ഷണത്തിനായാണ് പുലിമുട്ടുകൾ നിർമിക്കുന്നത്. വേലിയേറ്റത്തിൽ വേമ്പനാട്, കായംകുളം കായൽ വഴിയാണ് ഓരുജലം കയറുന്നത്. ജില്ലയിൽ മേജർ ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിൽ രണ്ടും മൈനർ ഇറിഗേഷന്റെ നേതൃത്വത്തിൽ ചെറുതും വലുതുമായ 564ലും ഓരുമുട്ടുകളാണ് വർഷം തോറും നിർമ്മിക്കുന്നത്.
മഹാദേവികാട് പുളിക്കീഴ്, കരുവാറ്റ കൊപ്പാറക്കടവ് എന്നിവിടങ്ങളിൽ മേജർ ഇറിഗേഷന്റെയും മൈനർ ഇറിഗേഷൻ ചെങ്ങന്നൂർ ഡിവിഷന്റെ പരിധിയിൽ ഹരിപ്പാട് മേഖലയിൽ 49ഉം ചേർത്തല സബ്ഡിവിഷന്റെ പരിധിയിൽ 515ഉം ഓരുമുട്ടുകളാണ് എല്ലാവർഷവും നിർമ്മിക്കുന്നത്.
ഡിസംബർ 15നുമുമ്പ് ഓരുമുട്ട് നിർമാണം പൂർത്തിയാക്കേണ്ടതായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നതിനാൽ ടെൻഡർ നടപടികൾ പലയിടത്തും പൂർത്തീകരിക്കാനായില്ല. ഇക്കാരണത്താൽ നിർമാണം ആരംഭിക്കാൻ കഴിയാതെ വന്നു. എന്നാൽ മഹാദേവികാട് പുളിക്കീഴ് ആറിന് കുറുകേ ഏഴു ലക്ഷത്തിന്റെ കരാർ ഉറപ്പിച്ചതിനാൽ മുട്ടിന്റെ ബലത്തിനായി തെങ്ങിൻ കുറ്റികൾ താഴ്ത്തി. മണൽ നിറച്ചാൽ മാത്രമേ വെള്ളം തടഞ്ഞ് നിർത്താൻ സാധിക്കൂ. കരുവാറ്റ കൊപ്പാറക്കടവിലെ ഓരുമുട്ട് തർക്കത്തെ തുടർന്ന് ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. മുട്ട് വീയപുരത്ത് സ്ഥാപിക്കണമെന്ന ആവശ്യവുമായി പാടശേഖരസമിതികൾ രംഗത്ത് എത്തിയതാണ് തടസം. ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനിയറുടെ നിർദേശത്തെ തുടർന്ന് ഇന്നലെ അന്താരാഷ്ട്ര കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.കെ.ജി. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള ഇറിഗേഷൻ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച്, മുട്ട് വീയപുരംഭാഗത്ത് സ്ഥാപിക്കാൻ നിർദേശിച്ചു. എന്നാൽ കൊപ്പാറക്കടവിൽ 22ലക്ഷം രൂപയുടെ എസ്റ്റിമേറ്റും സൈറ്റ് പ്ളാനും തയ്യാറാക്കിയതിനാൽ മുട്ട് മാറ്റി നിർമ്മിക്കണമെങ്കിൽ ജില്ലാ കളക്ടറുടെ പ്രത്യേക അനുമതി ലഭിക്കണം. തിരഞ്ഞെടുപ്പ് ചട്ടം നീങ്ങിയാൽ മാത്രമേ തീരുമാനം എടുക്കാൻ സാധിക്കൂ.
ഉപ്പുവെള്ളം തടയാൻ
ഏക ആശ്രയം
വേലിയേറ്റത്തിൽ തള്ളിക്കയറുന്ന ഉപ്പുവെള്ളം തടയാൻ താത്കാലികമായി ഓരുമുട്ട് മാത്രമാണ് കർഷകർക്ക് ആശ്രയം.
ആറാട്ടുപുഴ, കാർത്തികപ്പള്ളി, കരുവാറ്റ, കുമാരപുരം എന്നീ പഞ്ചായത്തുകളിലായി മൈനർ ഇറിഗേേൻ 49 ഓരുമുട്ട് നിർമ്മിക്കുന്നത്. ചെമ്പുതോട്, കല്പകവാടി തോട്, ത്രാച്ചേരി, ഡാണാപ്പടി എന്നീ തോടുകൾക്ക് കുറുകേയാണ് പ്രധാനമായും ഓരുമുട്ട് നിർമ്മിക്കുന്നത്. ശേഷിച്ച ഓരുമുട്ടുകൾ ചെറുതോടുകൾക്ക് കുറുകേയാണ് നിർമ്മിക്കുന്നത്. ചേർത്തല സബ്ഡിവിഷനിൽ തണ്ണീർമുക്കത്തും വേമ്പനാട് കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന ചെറുതോടുകൾക്ക് കുറുകേയുമാണ് നിർമ്മിക്കുന്നത്.
# ഭീഷണി ഇടവിളകൾക്കും
നെൽ കൃഷിയെപ്പോലെ തന്നെ ഇടവിളക്കൃഷി, ജാതി, വാഴത്തോട്ടം, പച്ചക്കറിക്കൃഷി എന്നിവയ്ക്കും ഭീഷണിയാണ് ഉപ്പുവെള്ളം. പുരയിടങ്ങളിലെ കിണറുകളിലും കുളങ്ങളിലും ഉപ്പുവെള്ളത്തിന്റെ ഉറവയെത്തി ശുദ്ധജലസൗകര്യം നഷ്ടപ്പെടുത്തും.
"തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ ഓരുമുട്ട് നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കും. ചിലയിടങ്ങളിൽ കരാർ ഏറ്റെടുത്തിട്ടില്ല.
എക്സിക്യൂട്ടിവ് എൻജിനിയർ,
മൈനറർ ഇറിഗേഷൻ, ചെങ്ങന്നൂർ
ആകെ ഒാരു മുട്ടുകൾ
566
മേജർ ഇറിഗേഷനിൽ
2
മൈനർ ഇറിഗേഷനിൽ
ചെങ്ങന്നൂർ ഡിവിഷൻ
49
ചേർത്തല സബ്ഡിവിഷൻ
515