jf

ഹരിപ്പാട്: വരുമാനം വർദ്ധിപ്പിക്കാനായി ഹരിപ്പാട്ടെ കെ.എസ്.ആർ.ടി.സി വക സ്ഥലത്ത് സ്റ്റാൻഡ് ആവശ്യങ്ങൾക്കും ഷോപ്പിംഗ് കോംപ്ളക്സിനുമായി നിർമ്മിച്ച 'ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ളക്സ്' കെട്ടിടം വെറുതേ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളാകുന്നു. സാമ്പത്തിക ബാദ്ധ്യതയിൽ നിന്നു രക്ഷപ്പെടാൻ നിർമ്മിച്ച കെട്ടിടം ത്രീ സ്റ്റാർ ഹോട്ടലാക്കി മാറ്റാനുള്ള ശ്രമവും എങ്ങുമെത്തിയില്ല.

ആറു വർഷം മുമ്പ് 4.5 കോടി ചെലവഴിച്ചാണ് കെട്ടിടം പണി ആരംഭിച്ചത്. ഏറ്റവും താഴെ വാഹനപാർക്കിംഗ്, തൊട്ടുമുകളിലെ രണ്ട് നിലകളിൽ കച്ചവട സ്ഥാപനങ്ങൾ, മുകളിൽ കെ.എസ്.ആർ.ടി.സിക്ക് ഓഫീസ് സൗകര്യം എന്നിങ്ങനെയാണ് നിശ്ചയിച്ചിരുന്നത്. 2017 ജൂൺ മുതൽ തന്നെ മുറികൾ വാടകയ്ക്ക് നൽകാനായി പലതവണ കരാർ ക്ഷണിച്ചെിലും ആരും വന്നില്ല. ഒടുവിൽ 2020 ആഗസ്റ്റിൽ കെട്ടിടം ത്രീസ്റ്റാർ ഹോട്ടലിനായി നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹോട്ടൽ ഉടമകൾ കെട്ടിടം സന്ദർശിച്ച് മടങ്ങുകയും ചെയ്തു. കെട്ടിടത്തിൽ ഇലക്ട്രിക്-പ്ളംബിംഗ് ജോലികൾ പൂർത്തിയാകാത്തതാണ് ഹോട്ടലുകാർ മടങ്ങിപ്പോകാൻ കാരണമെന്നാണ് വിവരം.

 പദ്ധതി പാളിയ വഴി

1. കെട്ടിടത്തിന്റെ രൂപകല്പന റോഡിൽ നിന്നുള്ള കാഴ്ച മറച്ചു

2. സ്ഥാപനങ്ങൾ ആളുകൾ കാണാത്ത വശത്തായതോടെ വ്യാപാരികൾ മുഖംതിരിച്ചു

3. ദേശീയപാത നാലു വരിയാക്കുമ്പോൾ കെട്ടിടം എങ്ങനെയാകുമെന്ന ആകുലത

4. വാഹനങ്ങൾ നിറുത്തിയിടാനുള്ള സ്ഥലത്ത് വെള്ളക്കെട്ടുണ്ടാവുമെന്ന ആശങ്ക

 യാത്രക്കാർ പൊരിവെയിലിൽ

ഹരിപ്പാട്ട് ദേശീയപാതയോരത്ത് 1.6 ഏക്കർ ഭൂമിയാണ് കെ.എസ്.ആർ.ടി.സിയുടെ കൈവശമുള്ളത്. ദേശീയപാതയോട് ചേർന്നു തന്നെയാണ് ബസ് സ്റ്റേഷൻ. ബസുകൾ നിറുത്തിയിടാനും, യാത്രക്കാർക്ക് യഥേഷ്ടം നിൽക്കാനുമുള്ള സ്ഥലം ഇവിടെ ഉണ്ടായിരുന്നു. ഏറെ പഴക്കമുണ്ടായിരുന്ന കെട്ടിടം പൊളിച്ച് മാറ്റി ഷോപ്പിംഗ് കോംപ്ളക്സ് നിർമ്മിക്കാൻ ആരംഭിച്ചതോടെ യാത്രക്കാരും ബസുകളും ദേശീയപാത ഓരത്തേക്ക് ഒതുക്കപ്പെട്ടു. നിലവിൽ യാത്രക്കാർക്ക് വെയിൽ ഏൽക്കാതെ ബസ് കാത്ത് നിൽക്കാനുള്ള സംവിധാനം പോലും ഇല്ലാത്ത അവസ്ഥ.