കായംകുളം: പനി ബാധിച്ച് മരിച്ച വൃദ്ധയുടെ മൃതദേഹം കൊവിഡ് പരിശോധനാ ഫലം വരുന്നതിന് മുമ്പ് വിട്ടുനൽകിയ ഗവ. ആശുപത്രി നടപടി വിവാദത്തിൽ. പൊസിറ്റീവാണെന്ന ഫലം വന്നതോടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത നൂറോളം പേരാണ് ക്വാറന്റൈനിലായത്.

കൃഷ്ണപുരം കാപ്പിൽ തറയിൽ പടീറ്റതിൽ സൈനബാക്കുഞ്ഞാണ് (80) മരിച്ചത്. പനിബാധിതയായി ചങ്ങൻകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ സൈനബാക്കുഞ്ഞ് വെള്ളിയാഴ്ച മരിച്ചു. കൊവിഡ് ടെസ്റ്റിനായി കരുനാഗപ്പള്ളി ഗവ. ആശുപത്രിയിലേക്കാണ് അയച്ചത്. എന്നാൽ ബന്ധുക്കൾ കായംകുളം ഗവ. ആശുപത്രിയിൽ എത്തിച്ചു. ഇവിടെ കൊവിഡ് പരിേശാധന കേന്ദ്രത്തിൽ സ്രവം ശേഖരിച്ച ശേഷം മൃതദേഹം വിട്ടുനൽകുകയായിരുന്നു.

വീട്ടിലെത്തിച്ച മൃതദേഹം വൈകുന്നേരത്തോടെ സംസ്കരിച്ചു. എന്നാൽ ശനിയാഴ്ച പരിശോധനാഫലം വന്നപ്പോഴാണ് കൊവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞത്. ഇതോടെ മൃതദേഹം സന്ദർശിച്ചവരും പരിചരിച്ചവരും അടക്കം നൂറോളം പേരോടാണ് ക്വാറന്റൈറീനിൽ പോകാൻ നിർദ്ദേശിച്ചിരിക്കുന്നത്. മോർച്ചറിയിൽ ഒഴിവില്ലാതിരുന്നതിനാലാണ് മൃതദേഹം വിട്ടുനൽകിയതെന്നും മറ്റ് ഏതെങ്കിലും മോർച്ചറിയിലേക്ക് മാറ്റേണ്ട ഉത്തരവാദിത്വം ബന്ധുക്കൾക്കായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.