
 വില്ലനായി ഓരുവെള്ളം
പൂച്ചാക്കൽ: കതിരണിഞ്ഞ നെൽചെടികളും കരപ്പുറത്തെ പച്ചക്കറി കൃഷിയും ഒരു വെള്ളം കയറിയതിനെ തുടർന്ന് നശിക്കുന്നു. പാണാവള്ളി, തൈക്കാട്ടുശേരി പഞ്ചായത്തുകളിലെ എളംകുളം, കാരാളപ്പതി, കൊറ്റിശേരി, ശാസ്താങ്കൽ, മൂവേലി പാടശേഖരങ്ങളിലെ ഏക്കർ കണക്കിന് വയലുകളിലെ നെല്ലും കരപ്പുറങ്ങളിലെ പച്ചക്കറിയുമാണ് നാശത്തിലേക്കു നീങ്ങുന്നത്.
വിളവെടുപ്പിന് സമയമായപ്പോഴാണ് ഓരു വെള്ളത്തിന്റെ വരവ്. കായലോര പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസുകൾ സംരക്ഷിക്കാനും കരകൃഷിക്ക് ലവണാംശമില്ലാത്ത വെള്ളം ലഭ്യമാക്കാനുമാണ് പ്രധാനമായും ഓരുമുട്ടുകൾ സ്ഥാപിക്കുന്നത്. കായലിൽ ഓരു വെള്ളം ആകുന്നതിന് മുമ്പ് ഒക്ടോബർ, നവംബർ മാസങ്ങളിലാണ് സാധാരണ ഓരുമുട്ടുകളുടെ നിർമ്മാണം തുടങ്ങുന്നത്. എന്നാൽ ഇത്തവണ ഡിസംബർ മൂന്നാമത്തെ ആഴ്ചയിലാണ് പണിയുടെ തുടക്കം. ചേർത്തല വടക്കൻ മേഖലയിലെ പള്ളിപ്പുറം, തൈക്കാട്ടുശേരി, പാണാവള്ളി, പെരുമ്പളം, അരൂക്കുറ്റി എന്നീ പഞ്ചായത്തുകളിലെ കായലുമായി ബന്ധപ്പെട്ടുകിടക്കുന്ന ഇടത്തോടുകളിലും കൈവഴികളിലുമായി 211 ഓരുമുട്ടുകളാണ് സ്ഥാപിക്കേണ്ടത്.
 ഓരുമുട്ടുകൾ പോംവഴി
പള്ളിപ്പുറം പഞ്ചായത്ത് നേരിട്ടും മറ്റ് പഞ്ചായത്തുകളിൽ മൈനർ ഇറിഗേഷൻ വകുപ്പിനുമാണ് നിർമ്മാണ ചുമതല. വേലിയേറ്റ സമയത്ത് ജലനിരപ്പ് അസാധാരണമായി ഉയരുന്നതുകൊണ്ട്, ഇടത്തോടുകൾ വഴി ഒരുവെള്ളം കയറി കിണറുകളും കുളങ്ങളുമുൾപ്പെടെയുള്ള ശുദ്ധജല സ്രോതസ് മലിനപ്പെടുകയാണ്. ഓരുമുട്ടകൾ സമയബന്ധിതമായി നിർമ്മിക്കുക മാത്രമാണ് ഇതിനുള്ള പോംവഴി.