member

പൂച്ചാക്കൽ: ഓലമടൽ ബാറ്റിൽ ബൗണ്ടറികൾ സൃഷ്ടിച്ചിരുന്ന ഒമ്പതാം ക്ളാസുകാരൻ ശ്രീജിത്തും കൂട്ടുകാരും ഇനി പുതുപുത്തൻ തടിബാറ്റിൽ കിടിലൻ സിക്സറുകൾ പറത്തും. വോട്ട് തേടിയെത്തിയ സ്ഥാനാർത്ഥിക്കു നേരെ 'നോ' പ്രതീക്ഷിച്ച് എറിഞ്ഞൊരു ഏറ് 'യോർക്കർ' ആയതിന്റെ ആഹ്ളാദത്തിലാണ് ടീമംഗങ്ങൾ.

തൈക്കാട്ടുശേരി ഏഴാം വാർഡിലെ എൻ.ഡി.എ സ്ഥാനാർത്ഥി ആശ സുരേഷ് വോട്ടുതേടി വന്നപ്പോഴാണ് മണപ്പുറം പായിക്കനംകാട് പ്രദേശത്ത് പറമ്പിൽ ഓലമടൽ ബാറ്റും റബ്ബർ ബാളും കൊണ്ട് ക്രിക്കറ്റ് കളിക്കുന്ന കുട്ടികളെ കണ്ടത്. ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹൈസ്കൂൾ വിദ്യാർത്ഥിയായ നിലച്ചിറ നികർത്ത് വീട്ടിലെ ശ്രീജിത്ത് ആയിരുന്നു ക്യാപ്ടൻ. സ്ഥാനാർത്ഥിക്കു മുന്നിൽ ടീമംഗങ്ങൾ കൗതുകത്തോടെ എത്തി. ജയിച്ചു കഴിഞ്ഞാൽ തങ്ങൾക്കൊരു ക്രിക്കറ്റ് ബാറ്റും ബാളും വാങ്ങിത്തരുമോയെന്നു കളിക്കാർ ഒരുമിച്ചൊരു ചോദ്യം! തീർച്ചയായും എന്ന് സ്ഥാനാർത്ഥിയുടെ മറുപടി. ഇതോടെ അടുത്ത ദിവസങ്ങളിൽ ടീമംഗങ്ങളിൽ പലരും ആശയ്ക്കു വേണ്ടി തങ്ങളാലാകുന്നത് ചെയ്യാൻ 'അണ്ണാറക്കണ്ണൻ'മാരായി.

ഫലം പ്രഖ്യാപിച്ചപ്പോൾ ആശാ സുരേഷിന് 217 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വൻ വിജയം. ഇതോടെ കുട്ടിക്കൂട്ടവും ആഹ്ളാദത്തിലായി. പഞ്ചായത്തംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് തന്നെ ആശ വാക്കു പാലിച്ചു. ശ്രീജിത്ത്, നന്ദു, അഭിജിത്ത്, അമൽ, എന്നിവർ ചേർന്ന് ബാറ്റും ബാളും ഏറ്റുവാങ്ങി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സുകുമാരപിള്ള, തങ്കച്ചൻ, യശോധരൻ, പ്രദീപൻ എന്നിവരോടൊപ്പം ഗ്രൗണ്ടിലെത്തിയ നിയുക്ത മെമ്പർക്ക് സ്വീകരണം കൊടുക്കാനും ടീം മറന്നില്ല. മണപ്പുറം ജങ്കാർ സർവ്വീസ് ടിക്കറ്റ് കൗണ്ടറിലെ ജീവനക്കാരിയാണ് ആശ. ഭർത്താവ് സുരേഷ്. വിദ്യാർത്ഥികളായ വൈഷ്ണവും വർഷയുമാണ് മക്കൾ.