t

മാവേലിക്കര: കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്നത് മുസ്ലിം ലീഗാണെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിച്ച് ബി.ജെ.പിയെ കേരളത്തിലെ മുഖ്യ പ്രതിപക്ഷമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.

ലാവലിൻ കേസിൽനിന്നും തടിയൂരുന്നതിനായി കേന്ദ്ര അന്വേഷണ ഏജൻസികളുടെ കാരുണ്യത്തിന് വേണ്ടിയാണ് പിണറായി വിജയൻ ബി.ജെ.പിയെ കേരളത്തിൽ പ്രബലശക്തിയാക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. മുസ്ലിം ലീഗിനെ ഇടതു പാളയത്തിലെത്തിക്കാനുള്ള ശ്രമം ഏറെനാളായി നടത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ മുസ്ലിം ലീഗിനേയും കോൺഗ്രസിനെയും തമ്മിൽ അകറ്റി മുഖ്യമന്ത്രിക്കസേര വീണ്ടുമുറപ്പിക്കാനുള്ള പിണറായി വിജയൻ തന്ത്രമാണ് പ്രസ്താവനയ്ക്ക് പിന്നിൽ. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ യഥാർത്ഥ വസ്തുതകൾ കണ്ടെത്തി ആവശ്യമായ തിരുത്തലുകൾ വരുത്തി കോൺഗ്രസും യു.ഡി.എഫും ശക്തമായി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.