അമ്പലപ്പുഴ: സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള ഈ വർഷത്തെ സംസ്ഥാന ലൈബ്രറി കൗൺസിൽ ഡി.സി അവാർഡ് പറവൂർ പബ്ലിക് ലൈബ്രറിക്ക്. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ പരമോന്നത ബഹുമതിയായ ഇ.എം.എസ് അവാർഡ്, സമാധാനം പരമേശ്വരൻ അവാർഡ്, കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലിന്റെ പ്രഥമ ഐ.വി. ദാസ് അവാർഡ്, ആലപ്പുഴ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ പി.എൻ. പണിക്കർ അവാർഡ്, മികച്ച ലൈബ്രേറിയനുള്ള ദേവദത്ത് ജി. പുറക്കാട് സ്മാരക അവാർഡ്, ഇതര ലൈബ്രറി കൗൺസിൽ അവാർഡുകൾ അടക്കം ഇതിനോടകം നിരവധി പുരസ്കാരങ്ങൾ ഗ്രന്ഥശാലയെ തേടിയെത്തിയിട്ടുണ്ട്. നാളെ രാവിലെ 10ന് ആലപ്പുഴ എസ്.ഡി കോളേജിൽ നടക്കുന്ന പുസ്തകോത്സവത്തിൽ മന്ത്രി ജി. സുധാകരൻ പുരസ്കാര സമർപ്പണം നടത്തും. 50,000 രൂപയുടെ പുസ്തകങ്ങളും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ജില്ലയിലെ പ്രഥമ എ പ്ലസ് ഗ്രേഡുള്ള ഗ്രന്ഥശാല കൂടിയാണ് പറവൂർ പബ്ലിക് ലൈബ്രറി.