മാവേലിക്കര: ചെട്ടികുളങ്ങര പഞ്ചായത്ത് 16-ാം വാർഡ് മുൻ അംഗവും ചെട്ടികുളങ്ങര പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.ചന്ദ്രലേഖയുടെ ഭർത്താവുമായ കൈതതെക്ക് ശ്രീമംഗലം വീട്ടിൽ എസ്.ശശിയെ (54) ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചു പരിക്കേൽപ്പിച്ചു.

ശശിയുടെ ഉടമസ്ഥതയിൽ കണ്ണമംഗലത്ത് പ്രവർത്തിക്കുന്ന ബോർമ്മയിൽ ഇന്നലെ വൈകിട്ട് 3.30 ഓടെ ആയിരുന്നു ആക്രമണം. ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമിച്ചതെന്നും ഇവർ സി.പി.എം പ്രവർത്തകരാണെന്നും ശശി പൊലീസിനു മൊഴി നൽകി. തലയ്ക്കും തോളിലും അടിയേൽക്കുകയും കൈവിരലിൽ വെട്ടേൽക്കുകയും ചെയ്തു.

സി.പി.എമ്മിൽ നിന്ന് പുറത്തായ ശശി സി.പി.ഐയിൽ ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ ചന്ദ്രലേഖ കോൺഗ്രസ് ടിക്കറ്റിൽ ചെട്ടികുളങ്ങര 15-ാം വാർഡിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. തുടർന്ന് സി.പി.ഐയിൽ നിന്നും ശശിയെ പുറത്താക്കി. ചന്ദ്രലേഖ മത്സരിച്ച വാർഡിലും താൻ മെമ്പർ ആയിരുന്ന 16-ാം വാർഡിലും ബി.ജെ.പി വിജയിച്ചതാണ് സി.പി.എം പ്രവർത്തകരെ പ്രകോപിപ്പിച്ചതെന്ന് ശശി പറയുന്നു. മാവേലിക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് പൊലീസ് പട്രോളിംഗ് ഏർപ്പെടുത്തിയതായി സി.ഐ ബി.വിനോദ്കുമാർ അറിയിച്ചു.