കറ്റാനം: സഭാതർക്കം നിലനിൽക്കുന്ന കട്ടച്ചിറ പള്ളിക്ക് മുന്നിൽ വീണ്ടും സംഘർഷം. ഇന്നലെ രാവിലെ സെമിത്തേരിയിൽ പ്രാർത്ഥിക്കാൻ എത്തിയ യാക്കോബായ വിശ്വാസികളെ പ്രവേശിപ്പിക്കാതെ ഓർത്തഡോക്സ് വിഭാഗം പള്ളി പൂട്ടിയതാണ് സംഘർഷത്തിനിടയാക്കിയത്.

പള്ളിയിൽ ഒൻപതു മണി വരെ യാക്കോബായ വിശ്വാസികൾക്ക് കയറാമെന്ന ധാരണ നിലനിൽക്കെ പൊലീസ് നിർദ്ദേശത്തെ അവഗണിച്ചുകൊണ്ട് സെമിത്തേരിയുടെ ഗേറ്റുകൾ പൂട്ടിയതിനെതിരെ ഇടവക ട്രസ്റ്റി അലക്സ് എം.ജോർജിന്റെ നേതൃത്വത്തിൽ ഇടവക വിശ്വാസികൾ പള്ളിയുടെ ഗേറ്റിനു മുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. വൈകിട്ട് 6 ന് ഫാ. റോയി ജോർജിന്റെ നേതൃത്വത്തിൽ ഗേറ്റിനു മുന്നിൽ വിശ്വാസികൾ സന്ധ്യാനമസ്കാരം നടത്തി. തുടർന്നു പള്ളിക്കു ചുറ്റും മെഴുകുതിരി നാളം തെളിയിച്ച് പ്രതിഷേധ പരിപാടികൾക്ക് തുടക്കം കുറിച്ചു. യാക്കോബായ ഇടവക ജനങ്ങൾക്ക് നേരെയുള്ള നീതി നിഷേധത്തിൽ യാക്കോബായ സുറിയാനി സഭ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മോർ തേവോദോസിയോസ്, നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ കൂറിലോസ്, തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മോർ മിലിത്തിയോസ് എന്നിവർ പ്രതിഷേധിച്ചു. ഇന്ന് കൊല്ലം ഭദ്രാസന യൂത്ത് അസോസിയേഷൻ ആഭിമുഖ്യത്തിൽ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ഭദ്രാസന സെക്രട്ടറി അറിയിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് ചെങ്ങന്നൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.