
കായംകുളം : മൂന്നര പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ പ്രർത്തനത്തിനിടയിൽ ആരേയും ഒരുവാക്കുകൊണ്ടുപോലും വേദനിപ്പിച്ചിട്ടില്ലെന്ന എ.ജെ ഷാജഹാന്റെ അവകാശവാദം കായംകുളം നഗരസഭ 44 ാം വാർഡിലെ ജനങ്ങൾ നെഞ്ചേറ്റിയതിന് തെളിവാണ് വൻ ഭൂരിപക്ഷം നേടിയുള്ള വിജയം.
കണ്ണമ്പള്ളി വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മൽസരിച്ച് 242 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഡി.സി.സി സെക്രട്ടറിയും കായംകുളം ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റുമായ എ.ജെ ഷാജഹാൻ വിജയിച്ചത്. സി.പി.എം സ്ഥാനാർത്ഥിയായ എസ്.ഷംസിനെയാണ് പരാജയപ്പെടുത്തിയത്.ഷാജഹാന് 552 വോട്ടും ഷംസിന് 310 വോട്ടും ലഭിച്ചു. . 30 വർഷം കായംകുളം നഗരസഭ കൗൺസിലറും പ്രമുഖ വ്യവസായിയുമായിരുന്ന ടി.എ അലിയാരുകുഞ്ഞിന്റെ പൗത്രനും ദീർഘകാലം നഗരസഭ ചെയർമാനായിരുന്ന ടി.എ ജാഫർകുട്ടിയുടെ മകനുമാണ് ഷാജഹാൻ. ടി.എ ജാഫർകുട്ടിയുടെ ഭരണകാലം കായംകുളത്തിന്റെ സുവർണ്ണകാലമായിരുന്നു.
കൊവിഡ് കാലത്ത് സ്വന്തം സ്ഥാപനമായ ടി.എ കൺവെൻഷൻ സെന്റർ കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററായി ഷാജഹാൻ വിട്ടുനൽകുകയും കണ്ടെയിൻമെന്റ് സോണിൽപ്പെട്ട വീടുകളിൽ ഉൾപ്പെടെ ഡോക്ടറായ മരുമകൾക്കൊപ്പം കൊവിഡ് പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തതിലൂടെയും ശ്രദ്ധേയനായി. 25000 ൽ അധികം പേർക്ക് സാമൂഹിക അടുക്കള വഴി ഭക്ഷണവിതരണത്തിന് നേതൃത്വം നൽകി.
വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ പ്രസിഡന്റായ ഷാജഹാൻ കെ.എസ്.യു താലൂക്ക് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പന്തളത്ത് താജ് ജൂവലി, ടി.എ മദർലന്റ് പബ്ളിക് സ്കൂൾ, ടി.എ കൺവൻഷൻ സെന്റർ തുടങ്ങി വ്യവസായ രംഗത്തും ശ്രദ്ധേയനാണ് കേരള സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ ബി ഇക്ബാലിന്റെ സഹോദരീ പുത്രനാണ്. തന്റെ വാർഡിനെ മാതൃകാ വാർഡാക്കുമെന്ന ദൃഡനിശ്ചയത്തിലാണ് ഷാജഹാൻ.