
ഫെബ്രുവരിയിൽ ഉദ്ഘാടനം പ്രതീക്ഷിക്കുന്നു
ആലപ്പുഴ: ആലപ്പുഴ മെഡി. ആശുപത്രി വളപ്പിൽ നിർമ്മാണം അന്തിമഘട്ടത്തിലേക്ക് അടുക്കുന്ന, കേന്ദ്രീകൃത ഐ.സിയുവും ഓപ്പറേഷൻ തിയേറ്റർ സൗകര്യങ്ങളും ഉൾപ്പെടുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി സർജിക്കൽ കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരിയിൽ നടന്നേക്കും.
മെഡിക്കൽ കോളേജിന്റെ സുവർണ ജൂബിലിയുടെ ഭാഗമായി കേന്ദ്രസർക്കാർ പ്രധാനമന്ത്രി ശ്രം യോഗി മാൻ ധൻ (പി.എം-എസ്.വൈ.എം) പദ്ധതി പ്രകാരം അനുവദിച്ച 150 കോടി ചിലവഴിച്ചാണ് ആറു നിലയിലുള്ള കെട്ടിടത്തിന്റെ നിർമ്മാണം. കെ.സി.വേണുഗോപാൽ ലോക്സഭ എം.പി ആയിരിക്കെ 2013ൽ ആണ് നിർമ്മാണോദ്ഘാടനം ആരംഭിച്ചത്. 18 മാസം കൊണ്ട് പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമെങ്കിലും പലവിധ തടസങ്ങളും കൊവിഡും തടസമായി. സെൻട്രൽ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ എച്ച്.എൻ.എൽ.എൽ ഏറ്റെടുത്ത കരാറിൽ എറണാകുളത്തെ സ്വകാര്യ കമ്പനിക്കാണ് നിർമ്മാണ ചുമതല. വൈദ്യുതീകരണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമാണ് തീരാനുള്ളത്. ഡിസംബറിൽ പൂർത്തീകരിക്കുകയെന്ന ലക്ഷ്യം കൊവിഡ് മൂലം ഫെബ്രുവരിയിലേക്കു നീട്ടുകയായിരുന്നു. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്ക് പ്രവർത്തിച്ചു തുടങ്ങുന്നതോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി എയിംസ് നിലവാരത്തിൽ ഉയരും.
പുതിയ കെട്ടിടത്തിൽ 250 കിടക്കകളുണ്ടാവും. ഏറ്റവും താഴത്തെ നില അത്യാഹിത വിഭാഗത്തിനാണ്. എക്‌സ് റേ, സ്‌കാൻ, സി.ടി സ്‌കാൻ, എം.ആർ.എ, അൾട്രാ സൗണ്ട് തുടങ്ങി റേഡിയോളജി സൗകര്യങ്ങൾ അത്യാഹിത വിഭാഗവുമായി ചേർന്നു വരും.
...........................................
 9 സ്പെഷ്യാലിറ്റികൾക്കായി ഓരോ നിലയിലും ഐ.സി.യുവും തിയേറ്ററും
 7 ഡിപ്പാർട്ട്മെന്റിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ 50 കിടക്കകൾ
 ഓരോ സ്‌പെഷ്യാലിറ്റി വിഭാഗത്തിനും വേണ്ട പ്രത്യേക വാർഡുകൾ
 ഇന്റൻസീവ് കെയർ യൂണിറ്റ്, സെമി ഐ.സി.യു, കിടക്കകൾ എന്നിവ
 ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കുമുള്ള മുറികൾ
 എല്ലാ വിഭാഗത്തിനും പ്രത്യേകം ലൈബ്രറികൾ, സെമിനാർ ഹാളുകൾ
 പി.ജി പരീക്ഷകൾക്കും മറ്റുമായി പൊതുപരീക്ഷാ ഹാൾ
.............................................
പ്രകൃതിസൗഹൃദം
പുതിയ ബ്ലോക്ക് വരുന്നതോടെ നിലവിലെ സൂപ്പർ സ്‌പെഷ്യാലിറ്റി കെട്ടിടം മുഴുവനായി മെഡിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റിയായി മാറും. പ്രകൃതി സൗഹൃദ രീതിയിലാണ് കെട്ടിടം രൂപകല്പന ചെയ്തിട്ടുള്ളത്. പ്രവർത്തനം തുടങ്ങുമ്പോഴേക്കും ആവശ്യമായ ജീവനക്കാരെ നിയമിക്കാൻ മെഡിക്കൽ കോളേജ് അധികൃതർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ടെക്നിഷൻ ഉൾപ്പെടെ 200 ജീവനക്കാരെയാണ് നിയമിക്കേണ്ടത്.
സൂപ്പർ സ്‌പെഷ്യാലിറ്റി
ന്യൂറോ സർജറി, കാർഡിയോളജി, കാർഡിയോതെറാപ്പി, നെഫ്രോളജി, മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, ജനറൽ സർജറി, പ്ലാസ്റ്റിക് സർജറി, എൻട്രോ ക്രിനോളജി, യൂറോളജി, നെഫ്രോളജി
തീവ്രപരിചരണം
കാർഡിയോളജി, മെഡിസിൻ, സർജറി, ന്യൂറോ, കാർഡിയോ തെറാപ്പി, ട്രാൻസ് പ്ളാന്റേഷൻ, പോസ്റ്റ് കാത്ത്
.................................
സൂപ്പർ സ്‌പെഷ്യാലിറ്റി സർജിക്കൽ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച് ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സൂപ്പർ സ്‌പെഷ്യാലിറ്റി പ്രവർത്തനം ആരംഭിക്കുന്നതോടെ ആലപ്പുഴ മെഡി.ആശുപത്രിയിൽ നിലവിലുള്ളതിനേക്കാൾ കൂടുതൽ പരിശോധനാ സംവിധാനം നിലവിൽ വരും
ഡോ. ടി.കെ.സുമ, നോഡൽ ഓഫീസർ