
ചേർത്തല: നടുറോഡിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ ജീവനുവേണ്ടി പിടയവേ,
ദൈവത്തിന്റെ കരങ്ങൾ പോലെ തങ്ങളെ കോരിയെടുത്ത് ആശുപത്രിയിലെത്തിച്ചതാരെന്ന് സേതുലക്ഷ്മിയും കുടുംബവും ഇപ്പോഴും അറിഞ്ഞിട്ടില്ല. ആദ്യം ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡി. ആശുപത്രിയിലേക്ക് ഇവരുമായി ആംബുലൻസ് കുതിക്കുമ്പോൾ, പ്രാർത്ഥനയോടെ ആശുപത്രി കവാടത്തിൽ ഒരാളുണ്ടായിരുന്നു; ഡോ. രുക്മിണി. സേതുലക്ഷ്മിയുടെയും കുടുംബത്തിന്റെയും ജീവൻ രക്ഷിച്ചയാൾ.
ഞായറാഴ്ച രാത്രി എട്ടോടെ ദേശീയപാതയിൽ മായിത്തറയിലാണ് കാവുങ്കൽ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാർ ഇന്നാേവ കാറിൽ ഇടിച്ചത്. പൊടുന്നനെ വണ്ടിക്കു മുന്നിൽപ്പെട്ട ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ഇന്നോവയിൽ ഇടി
ക്കുകയായിരുന്നു. സേതുലക്ഷ്മി, ഭർത്താവ് രതീഷ്, അമ്മ സതിയമ്മ, ബന്ധു അശ്വിനി എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന മകൾ ആരാദ്ധ്യ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഈ സമയം ചേർത്തലയിലേക്കു വരികയായിരുന്നു, ചേർത്തല താലൂക്ക് ആശുപത്രിയിലെ എൻ.എച്ച്.എം ഡോക്ടറും അത്യാഹിത വിഭാഗത്തിലെ മെഡിക്കൽ ഓഫീസറുമായ രുക്മിണി. അപകടം അവഗണിച്ച് മുന്നോട്ടുപോകാൻ തോന്നാതിരുന്ന രുക്മിണി രക്തംവാർന്ന നിലയിൽ കിടന്ന സേതുലക്ഷ്മിയേയും ഒപ്പം പേടിച്ചു കരയുകയായിരുന്ന മകളെയും നാട്ടുകാരുടെ സഹായത്താൽ തന്റെ കാറിൽ കയറ്റി താലൂക്ക് ആശുപത്രിയിലെക്ക് പാഞ്ഞു. ഈ സമയം തന്നെ ആശുപത്രി അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ വിളിച്ച് അപകട വിവരം ധരിപ്പിച്ച് വേണ്ട ക്രമീകരണങ്ങളും ചെയ്തു.
രതീഷിനെയും സതിയമ്മയേയും അശ്വനിയേയും മറ്റൊരു വാഹനത്തിലും എത്തിച്ചു. ആശുപത്രിയിൽ തിരക്കുണ്ടായിരുന്നിട്ടും ഡോക്ടർമാരായ വീണ, ഷെറിൻ, അവധിയിലായിരുന്ന ഡോ.ജിഷ എന്നിവർ ഉടനെത്തി പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡി. ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു. അമ്പലപ്പുഴ കരൂർ സ്വദേശി ഉണ്ണിക്കൃഷ്ണന്റെയും ഗിരിജയുടെ മകളാണ്. ആലപ്പുഴ മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി പൂർത്തിയാക്കിയ ശേഷം രണ്ട് മാസം മുമ്പാണ് ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തുന്നത്.