ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 30
ആലപ്പുഴ : വിദേശ ഇനം പക്ഷികളെയും മൃഗങ്ങളേയും വളർത്തുന്നവർ ശ്രദ്ധിക്കുക. ഇനി മുതൽ രജിസ്‌ട്രേഷനില്ലാതെ ഇവയെ വീട്ടിൽ വളർത്താൻ കഴിയില്ല. വിദേശ ഇനം വളർത്തു മൃഗങ്ങളുടെയും പക്ഷികളുടെയും രജിസ്‌ട്രേഷനുള്ള അവസാന തീയതി ഈ മാസം 30 ആണ്.
വനംവകുപ്പിൽ ഓൺലൈൻ മുഖേന രജിസ്‌ട്രേഷൻ നത്താം. രജിസ്‌ട്രേഷൻ നടത്താതെ വളർത്തു മൃഗങ്ങളെയും പക്ഷികളെയും കൈവശം വെച്ചാലും വില്പന നടത്തിയാലും വനം വകുപ്പ് നടപടി സ്വീകരിക്കും. വിരലിൽ എണ്ണാവുന്നവർ മാത്രമാണ് ഇതുവരെ രജിസ്‌ട്രേഷൻ നടത്തിയിട്ടുള്ളത് .
പെറ്റ് ഷോപ്പ് നടത്തുന്നവർപോലും കൃത്യമായി രജിസ്‌ട്രേഷൻ നടത്താറില്ല. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്ന രോഗങ്ങൾക്ക് തടയിടാനാവുമെന്നതിനാലും ഇന്ത്യൻ വിപണിയിലുള്ളവയിൽ പലതിനും വംശനാശ ഭീഷണി നേരിടുകയും ചെയ്ത സാഹചര്യത്തിലുമാണ് വനം-പരിസ്ഥിതി മന്ത്രാലയം ആറ് മാസത്തിന് മുമ്പ് രജിസ്ട്രേഷൻ നിർബന്ധമാക്കിയുള്ള ഉത്തരവിറക്കിയത്. വിദേശ ഇനം പക്ഷികളെയും മൃഗങ്ങളെയും വിൽക്കുന്നതിനും വളർത്തുന്നതിനും ഇതുവരെ നിയന്ത്രണങ്ങളില്ലായിരുന്നു.
പുതുതായി വാങ്ങുന്നതിന്റെ മാത്രമല്ല കൈവശം സൂക്ഷിച്ചിരിക്കുന്നവയുടെയും വിവരങ്ങൾ നൽകണം.
വിദേശ ഇനങ്ങളോടുള്ള
പ്രിയം കൂടാൻ
തദ്ദേശീയമായി കാണപ്പെടുന്ന പക്ഷികൾ, മൃഗങ്ങൾ, ഉരഗവർഗ ജീവികൾ എന്നിവ വളർത്താൻ ഇന്ത്യൻ വന്യജീവി സംരക്ഷണം അനുവദിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് വിദേശ ഇനങ്ങൾക്ക് ഇവിടെ പ്രചാരമേറിയത്. രജിസ്റ്റർ ചെയ്യുമ്പോൾ ഇറക്കുമതി ചെയ്തതാണോ വാങ്ങിയതാണോ എന്ന് പ്രത്യേകം രേഖപ്പെടുത്തണം. ജീവികൾക്ക് രോഗം ഇല്ലെന്നും ഉറപ്പുവരുത്തണം. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാൻ പ്രത്യേക അനുമതി വേണം.
ഉത്തരവിൽ പറയുന്നത്
കൺവെൻഷൻ ഓൺ ഇന്റർനാഷണൽ ട്രേഡ് എൻഡെൻജേർഡ് സ്പീഷിസിന്റെ ആദ്യ മൂന്ന് ഷെഡ്യൂളിൽപ്പെട്ട വിദേശ ഇനങ്ങളുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്നായിരുന്നു ഉത്തരവ്. ആഫ്രിക്കൻ ഗ്രേ പാരറ്റ്, സ്‌കാർലെറ്റ് മക്കാവ്, ഗ്രീൻവിങ്ഡ് മക്കാവ്, ബ്ലൂ ഗോൾഡ് മക്കാവ്, ഇഗ്വാന, മാർമൊ സെറ്റ് മങ്കി, സൺ കോന്യൂർ തുടങ്ങിയവ പട്ടികയിൽ ഉൾപ്പെടും. ഇവയെ നിയമാനുസൃതം കൈവശം വയ്ക്കാമെങ്കിലും നാളിതുവരെയും ഇവയുടെ കൃത്യമായ രേഖകൾ വകുപ്പ് സൂക്ഷിച്ചിരുന്നില്ല.
........
,, ഇതുവരെ കുറച്ച് പേർ മാത്രമേ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയിട്ടുള്ളൂ. വിദേശ ഓമനമൃഗങ്ങളെ വളർത്തുന്നവർ 30 ന് മുമ്പ് രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ നടത്താതെ ഇനി മുതൽ പെറ്റുകളെ കൈവശം വച്ചാൽ ഉടൻ നടപടി സ്വീകരിക്കും.
(വനം വകുപ്പ് അധികൃതർ)