star-names

ആലപ്പുഴ: ആലപ്പുഴ നഗരസഭയുടെ പുതിയ കൗൺസിൽ കൂടുമ്പോൾ ഇനിയങ്ങോട്ട് ഇടതുചേർന്നുണ്ടാവും നസീറും ജയനും മധുവും! ദൃഢപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറ്റ മൂവരും സി.പി.ഐ പ്രതിനിധികളും സംഘടനയിലെ ആത്മ സുഹൃത്തുക്കളുമാണ്.

ഭരണസമിതിയിൽ പുതുമുഖങ്ങളാണെങ്കിലും നഗരത്തിലെ സാംസ്കാരിക സാമൂഹിക പരിപാടികളിലെ സ്ഥിരം സാന്നിദ്ധ്യമാണ് മൂവരും. താരങ്ങളുടെ പേരുള്ള സ്ഥാനാർത്ഥികൾ സി.പി.ഐ പാനലിൽ മത്സരിക്കുന്നത് പ്രചാരണ നാളുകളിൽ തന്നെ കൗതുകം ഉണർത്തിയിരുന്നു.

ആറാട്ടുവഴി വാർഡിൽ നിന്ന് വിജയിച്ച ഡി.പി.മധുവിനാണ് കൂട്ടത്തിൽ കൂടിയ ഭൂരിപക്ഷം ലഭിച്ചത്, 157 വോട്ട് . വലിയകുളം വാർഡിൽ 113 വോട്ടിന്റെ ഭൂരിപക്ഷമാണ് ബി. നസീറിന് ലഭിച്ചത്. ചാത്തനാട് കൗൺസിലറായി സ്ഥാനമേറ്റ കെ.എസ്.ജയൻ 57 വോട്ടിനാണ് വിജയിച്ചത്.

സി.പി.ഐ ആലപ്പുഴ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയാണ് ഡി.പി. മധു. ട്രേഡ് യൂണിയൻ ഭാരവാഹിയും ആറാട്ടുവഴി ലോക്കൽ കമ്മിറ്റി അംഗവുമാണ്. എ.ഐ.വൈ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറിയായ കെ.എസ്. ജയൻ സനാതനം വാർഡ് സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം, സി.പി.ഐ ആലപ്പുഴ മണ്ഡലം കമ്മറ്റി അംഗം എന്നി നിലകളിൽ പ്രവർത്തിക്കുന്നു. പുന്നപ്ര സമരസേനാനിയും ആദ്യകാല സി.പി.ഐ നേതാവായ പി.കെ.ദിവാകരന്റെ കൊച്ചുമകനാണ്. സി.പി.ഐ അമ്പലപ്പുഴ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയാണ് ബി.നസീർ. എ.ഐ.ടി.യു.സി ജില്ലാ എക്സിക്യുട്ടിവ് അംഗവും എ.ഐ.വൈ.എഫ് സംസ്ഥാന കൗൺസിൽ അംഗവുമാണ്.