ആലപ്പുഴ: കനകാശേരി പാടശേഖരത്തിലെ മടവീഴ്ചയെത്തുടർന്ന് ദുരിതത്തിലായ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്ലക്കാർഡുകളുമായി കുട്ടികളടക്കം പ്രതിഷേധത്തിന്റെ ഭാഗമായി. 200ഓളം പേരാണ് സമരത്തിൽ പങ്കെടുത്തത്.

വൈകിട്ട് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. താത്കാലിക ബണ്ടു നിർമ്മിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഉദ്യോഗസ്ഥരെത്തിയത്. താത്കാലിക ബണ്ടു നിർമിച്ച് മോട്ടോർ പ്രവർത്തിപ്പിച്ച്, നിയന്ത്രിത അളവിൽ പാടത്തെ വെള്ളം വറ്റിച്ചു പുരയിടങ്ങളെയും വീടുകളെയും വെള്ളക്കെട്ടിൽ നിന്നു രക്ഷിക്കുകയാണ് ലക്ഷ്യം. എന്നാൽ താത്കാലിക ബണ്ടിലൂടെ ദുരിതങ്ങൾക്കു അടിയന്തിര പരിഹാരമാകില്ലെന്നാണ് പ്രദേശവാസികളുടെ വാദം. ഈ ബണ്ടു നിർമ്മിച്ചു വെള്ളം വറ്റിക്കാൻ മാസങ്ങളെടുക്കും. സുരക്ഷിതത്വവും സംശയത്തിലാണ്. തുടർച്ചയായ മടവീഴ്ചയെത്തുടർന്ന് പാടശേഖരത്തിനുള്ളിലെ ചെളി ഒലിച്ചുപോയിട്ടുണ്ട്. അതുകൊണ്ട് താത്കാലിക ബണ്ട് ദുർബലമാകാനുള്ള സാദ്ധ്യതയും ഏറെയാണെന്ന് കർഷകർ പറയുന്നു.

അതേസമയം കനകാശേരി-മീനപ്പള്ളി പാടശേഖരങ്ങളെ വേർതിരിക്കുന്ന ഡിവൈഡിംഗ് ബണ്ട് ശക്തമാക്കണമെന്നാണ് മീനപ്പള്ളി പാടശേഖരത്തിലെ കർഷകരുടെ ആവശ്യം. ബണ്ടു ബലപ്പെടുത്തിയിരുന്നെങ്കിൽ അടിക്കടിയുണ്ടാകുന്ന മടവീഴ്ചയുടെ ദുരിതം തങ്ങളെ ബാധിക്കില്ലായിരുന്നു. നിലവിൽ രണ്ടു പാടശേഖരങ്ങൾക്കിടയിൽ ബണ്ടുണ്ട്. വെറും എഴുനൂറു മീറ്റർ മാത്രം വരുന്ന ബണ്ട് ഒന്നരമീറ്ററോളം ഉയർത്തി ബലപ്പെടുത്തിയാൽ മാത്രം മതിയാകും. അടിക്കടിയുള്ള മടവീഴ്ചകളെത്തുടർന്ന് നിരവധി കുടുംബങ്ങൾ ഇതിനകം തന്നെ മറ്റു പ്രദേശങ്ങളിലേക്കു മാറിക്കഴിഞ്ഞു.