രാജാ കേശവദാസ് നീന്തൽക്കുളം ഉദ്ഘാടനം ജനുവരിയിൽ
ആലപ്പുഴ : നവീകരണം പൂർത്തീകരിച്ച ആലപ്പുഴ രാജാ കേശവദാസ് നീന്തൽക്കുളം ജനുവരിയിൽ നാടിന് സമർപ്പിക്കാൻ ജില്ലാ സ്പോർട്സ് കൗൺസിൽ തീരുമാനിച്ചു. ജില്ലയിലെ കായിക രംഗത്തിന് ഇത് പുതിയ ഉണർവേകും.
ഉപയോഗ യോഗ്യമല്ലാത്ത നഗരസഭ സ്റ്റേഡിയത്തിന്റെ പുനരുദ്ധാരണത്തിനായി പുതിയ ഭരണസമിതിയുമായി ചർച്ച ചെയ്യുമെന്നും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ് പറഞ്ഞു. കൊവിഡ് മൂലം മന്ദഗതിയിലായ കായിക പരിശീലനങ്ങളും, മത്സരങ്ങളും ഊർജിതപ്പെടുത്തേണ്ടത് എങ്ങനെയെന്നു ചർച്ച ചെയ്യാനായി ഓൺലൈൻ മുഖേന നടത്തിയ യോഗത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പരിശീലന പരിപാടികൾ നടത്താമെന്നും അതിന് ആരോഗ്യമേഖലയുടെ പൂർണ പിന്തുണ ഉണ്ടാകുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ യോഗത്തിൽ അറിയിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു, സെക്രട്ടറി എൻ.പ്രദീപ്കുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.കെ.പ്രതാപൻ, അഡ്വ. കുര്യൻ ജെയിംസ്, ടി.കെ അനിൽ, ജയമോഹൻ മറ്റു കായിക അസോസിയേഷൻ പ്രതിനിധികൾ എന്നിവർ ഓൺലൈൻ മീറ്റിംഗിൽ പങ്കെടുത്തു.
നീന്തൽക്കുളം നവീകരണം 
സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ രാജാകേശവദാസിന്റെ പേരിൽ നിർമ്മാണം പൂർത്തീകരിച്ച നീന്തൽക്കുളം മുൻമുഖ്യമന്ത്രി ഇ.കെ.നായനാർ 1997ലാണ് നാടിന് സമർപ്പിച്ചത്. ഇവിടെ സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ നീന്തൽ പരിശീലനം ആരംഭിച്ചെങ്കിലും തുടർന്ന് നടത്തിപ്പ് സ്വകാര്യ വ്യക്തിക്ക് നൽകി. ഇയാൾ വീഴ്ച വരുത്തിയതോടെയാണ് കുളം നശിച്ചത്. പത്തു വർഷമായി പ്രവർത്തന രഹിതമായി കിടക്കുകയായിരുന്ന കുളം പുനരുദ്ധരിക്കാൻ മൂന്ന് വർഷം മുമ്പാണ് 2.6 കോടി അനുവദിച്ചത്. 50 മീറ്റർ നീളത്തിലും 25 മീറ്റർ വീതിയിലും എട്ട് ട്രാക്കുകളുടെ നിർമ്മാണമാണ് ഇപ്പോൾ പൂർത്തീകരിച്ചത്. കുട്ടികളുടെ പരിശീലനത്തിനുള്ള ഭാഗത്ത് താഴ്ചക്കുറവാണ്.
അനുമതി വേണം
നീന്തൽക്കുളം തുറന്നാലും കൊവിഡിന്റെ പശ്ചത്തലത്തിൽ പ്രത്യേക അനുമതി ലഭിച്ചാൽ മാത്രമേ ഇവിടെ നീന്തൽ പരിശീലനം ആരംഭിക്കാനാവൂ. വിദ്യാർത്ഥികളെയും നീന്തൽ താരങ്ങളെയും അന്തർദേശീയ തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുക്കാൻ പ്രാപ്തരാക്കാൻ കഴിയുന്ന വിധത്തിലാകും പരിശീലനം. നീന്തൽക്കുളം നിറയ്ക്കാൻ 26 ലക്ഷം ലിറ്റർ ശുദ്ധജലമാണ് എത്തിച്ചത്. ഇപ്പോൾ ട്രയൽ നടത്തി. വിദ്യാർത്ഥികൾക്കായി ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ പരിശീലനം ആരംഭിക്കാനും ആലോചനയുണ്ട്.