
ചാരുംമൂട് : താമരക്കുളം, നൂറനാട്,ചുനക്കര,പാലമേൽ, വള്ളികുന്നം, ഭരണിക്കാവ് ഗ്രാമ പഞ്ചായത്തുകളിൽ പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. വരണാധികാരികൾ മുമ്പാകെ മുതിർന്ന അംഗങ്ങൾ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് ഇവർ മറ്റുള്ള അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
താമരക്കുളത്ത് വരണാധികാരിയായ വി.രാജേന്ദ്രനാഥ് മുതിർന്ന അംഗം ടൗൺ വാർഡിൽ നിന്നുള്ള ആത്തുക്കാബീവിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ചുനക്കരയിൽ മുതിർന്ന അംഗം നാലാം വാർഡിൽ നിന്നുള്ള പി.എം.രവിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. നൂറനാട്ട് വരണാധികാരി രജനി മുതിർന്ന അംഗം പാറ്റൂർ വാർഡിൽ നിന്നുള്ള ടി.വിജയനും പാലമേലിൽ വരണാധികാരി രശ്മി മുതിർന്ന അംഗം എൽ.വത്സലയ്ക്കും വള്ളികുന്നത്ത് വരണാധികാരി വി.വിനോദ് മുതിർന്ന അംഗംശങ്കരൻ കുട്ടി നായർക്കും, ഭരണിക്കാവിൽ വരണാധികാരിഅംബിക മുതിർന്ന അംഗം 1-ാം വാർഡിൽ നിന്നുള്ള വി.ചെല്ലമ്മയ്ക്കും ആദ്യം സത്യവാചകം ചൊല്ലി കൊടുത്തു. മുതിർന്ന അംഗങ്ങളുടെ അധ്യക്ഷതയിൽ പുതിയ അംഗങ്ങൾ പങ്കെടുത്ത ആദ്യ ഭരണസമിതി യോഗം ചേർന്നതിനു ശേഷമാണ് ചടങ്ങുകൾ സമാപിച്ചത്.