കറ്റാനം: സഭാതർക്കം നിലനിൽക്കുന്ന കട്ടച്ചിറ പള്ളിയിൽ യാക്കോബായ വിശ്വാസികൾ നടത്തി വന്ന രാപ്പകൽ സമരം ഇന്നലെ ഉച്ചയോടെ അവസാനിച്ചു. കഴിഞ്ഞദിവസം പ്രാർത്ഥനയ്ക്ക് എത്തിയ യാക്കോബായ ഇടവക ജനങ്ങളെ സെമിത്തേരിയിൽ പ്രവേശിപ്പിക്കാതിരുന്നതിനെ തുടർന്നാണ് സമരം ആരംഭിച്ചത്. ചെങ്ങന്നൂർ ഡിവൈ.എസ് .പി പി.വി.ബേബിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയ്ക്കൊടുവിൽ, ഇടവകാംഗങ്ങളെ സെമിത്തേരിയിൽ കയറ്റാൻ ധാരണ ആയതോടെയാണ് സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിവൈകിയും ആലപ്പുഴ എ. ഡി. എമ്മിന്റെയും ചെങ്ങന്നൂർ ആർ.ഡി.ഒയുടെയും നേതൃത്വത്തിൽ മാരത്തോൺ ചർച്ചകൾ നടന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ധിക്കാരപരമായ നടപടികളാണ് പ്രശ്നം ഇത്രയേറെ വഷളാക്കിയതെ ന്ന് ഇടവക ട്രസ്റ്റി അലക്സ്. എം. ജോർജ് ആരോപിച്ചു. സമരപരിപാടികൾക്ക് ഫാദർ റോയി ജോർജ്, ഫാദർ ജോർജീ ജോൺ,ഫാദർ സഞ്ജയ് ബാബു,ട്രസ്റ്റീ അലക്സ്. എം. ജോർജ്, ഷെവലിയാർ സി ചാക്കുണ്ണി,മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.