s

ജൻ ഔഷധിയിൽ സുവി​ധ നാപ്കിനുകൾക്ക് ക്ഷാമം

ആലപ്പുഴ : സാധാരണക്കാരായ സ്ത്രീകൾക്ക് ആർത്തവകാല സുരക്ഷയ്ക്ക് ഏറെ സഹായകമായിരുന്ന ഒരു രൂപ വിലയുള്ള സുവിധ സാനിട്ടറി നാപ്കിൻ ജൻ ഔഷധി കേന്ദ്രങ്ങളിൽ കിട്ടാനില്ല. വിതരണക്കാർ സ്റ്റോക്ക് എത്തിക്കാത്തതാണ് കാരണം.

കൊച്ചിയിലുള്ള ദീപക് ഡിസ്ട്രിബ്യൂഷൻ എന്ന ഏജൻസിയാണ് കേരളത്തിൽ ജൻഔഷധി മരുന്നുകളും അനുബന്ധ സാധനങ്ങളും വിതരണം ചെയ്യുന്നത്. എന്നാൽ പല ഉത്പന്നങ്ങളും ഏജൻസി കൃത്യമായി എത്തിക്കാറില്ലെന്നാണ് ജൻഔഷധി ലൈസൻസികളുടെ പരാതി. സ്ത്രീകളുടെ ആർത്തവകാല സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി കേന്ദ്രസർക്കാരാണ് കുറഞ്ഞ വിലയിലുള്ള സുവിധ സാനിട്ടറി നാപ്കിൻ വിതരണം ചെയ്യുന്നത്.

നാല് പാഡുകളടങ്ങിയ ഒരു പാക്കറ്റിന് 10 രൂപയായിരുന്നു നേരത്തെയുള്ള വില. ഇതാണ് ജൻ ഔഷധി കേന്ദ്രങ്ങളിലൂടെ ഇപ്പോൾ പാക്കറ്റ് ഒന്നിന് നാല് രൂപ നിരക്കിൽ വിൽക്കുന്നത്. ഉത്പാദന ചെലവിനെ അടിസ്ഥാനപ്പെടുത്തിയാണ് ആദ്യം ഒരു പാക്കറ്റിന്റെ വില നിശ്ചയിച്ചിരുന്നത്. ഇപ്പോൾ 60 ശതമാനം സബ്‌സിഡി നൽകിയാണ് കുറഞ്ഞ തുകയ്ക്ക് നാപ്കിനുകൾ ഇപ്പോൾ ലഭ്യമാക്കുന്നത്. ഗ്രാമ പ്രദേശങ്ങളിലാണ് സുവിധ പാഡുകൾക്ക് ആവശ്യക്കാർ കൂടുതൽ. എന്നാൽ ഇവിടങ്ങളിലെ ജൻ ഔഷധി സ്റ്റോറുകാർക്ക് ഓർഡർ നൽകുന്നതിന്റെ പകുതി അളവ് നാപ്കിനുകൾ പോലും ലഭിക്കുന്നില്ല.

ജൻ ഔഷധിയുമായി ബന്ധപ്പെട്ട് ലൈസൻസികൾക്ക് എന്ത് പരാതി ഉണ്ടെങ്കിലും അക്കാര്യം ഇ മെയിലായി ഡൽഹിയിലെ ഹെഡ് ക്വാർട്ടേഴ്സിലാണ് അറിയിക്കേണ്ടത്. അവിടെ നിന്ന് വേണം ഇതിന് പരിഹാരം കാണാൻ.

കഴിഞ്ഞ വ്യാഴാഴ്ച സ്റ്റോക്ക് എത്തിയപ്പോഴും ഒരു രൂപ പാഡ് അതിലുൾപ്പെടാത്തതിനെത്തുടർന്ന് ഇ-മെയിലിൽ പരാതി നൽകിയെങ്കിലും തക്കതായ മറുപടി കിട്ടിയില്ലെന്നാണ് ലൈസൻസികൾ പറയുന്നത്.

സുവിധ നാപ്കിനുകൾ

കുറഞ്ഞ ചെലവിൽ സാനിട്ടറി നാപ്കിനുകൾ നൽകുന്നതിനുള്ള പദ്ധതി 2018 മാർച്ചിലാണ് കേന്ദ്ര സർക്കാർ ആരംഭിച്ചത്. 2018 മേയ് മുതൽ ജൻ ഔഷധി കേന്ദ്രങ്ങളിൽ സാനിട്ടറി നാപ്കിനുകൾ ലഭ്യമാക്കി. മറ്റ് കമ്പനികളുടെ സാനിട്ടറി നാപ്കിനുകൾക്ക് വിപണിയിൽ 6 രൂപ ശരാശരി വില ഉള്ളപ്പോഴാണ് മികച്ച ഗുണമേന്മയുള്ള സുവിധ വിപണിയിൽ ഒരു രൂപയ്ക്ക് ലഭ്യമാവുന്നത്.

പ്രകൃതിസൗഹൃദം ഈ നാപ്കിനുകൾ

ആർത്തവ സമയത്ത് സ്ത്രീകൾക്ക് വ്യക്തിപരമായ ശുചിത്വം നിലനിറുത്തുകയെന്നത് വലിയ വെല്ലുവിളിയാണ്. പ്രത്യേകിച്ച് ആവശ്യത്തിന് സാനിട്ടറി നാപ്കിനുകൾ വാങ്ങി ശേഖരിക്കാൻ കഴിയാത്ത പാവപ്പെട്ട യുവതികൾക്കും വീട്ടമ്മമാർക്കും. ഈ സാഹചര്യം കണക്കിലെടുത്താണ് കേന്ദ്രസർക്കാർ ഒരു രൂപയ്ക്ക് സാനിട്ടറി നാപ്കിനുകൾ നൽകുന്നത്. ഉപയോഗശേഷം നശിപ്പിക്കാവുന്ന ബയോഡീഗ്രേഡബിൾ നാപ്കിനാണ് ഇതെന്നതാണ് പ്രത്യേകത. പാഡുകൾ ഉപയോഗിക്കുമ്പോഴും ഉപയോഗശേഷവും ഓക്സിഡേഷൻ നടക്കും. ഉപയോഗത്തിന് ശേഷം ഓക്സിജനുമായി പ്രതിപ്രവർത്തിച്ച് പെട്ടെന്ന് വിഘടിച്ച് നശിക്കും. ആറ് മാസത്തിനുള്ളിൽ ഈ പാഡുകൾ മണ്ണിലും വെള്ളത്തിലും ലയിച്ച് ചേരും.

ഒരു രൂപയുടെ സാനിട്ടറി പാഡുകൾക്ക് ജൻ ഔഷധിയിൽ ആവശ്യക്കാർ ഒത്തിരിയുണ്ട്. എടുത്ത് വയ്ക്കുന്നവ ഒരു ദിവസം കൊണ്ട് വിറ്റഴിയും. എന്നാൽ ഒരു മാസമായി സുവിധ നാപ്കിനുകൾ കിട്ടുന്നില്ല. പരാതി അറയിച്ചിട്ട് മറുപടിയും ലഭ്യമല്ല. കോഴിക്കോട്ട് പുതിയ വിതരണ ഏജൻസി വന്നാൽ കൂടുതൽ ഗുണം ചെയ്യും.

(പി.സനൽ ,ജൻഔഷധി സ്റ്റോർ ഉടമ)