
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, കെ.എൽ. അശോകൻ എന്നിവർക്കെതിരെ കേസെടുക്കാൻ ആലപ്പുഴ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതി മാരാരിക്കുളം പൊലീസിന് നിർദ്ദേശം നൽകി. മഹേശന്റെ ഭാര്യ ഉഷാദേവി നൽകിയ ഹർജിയിലാണ് നിർദ്ദേശം.
മഹേശന്റെ അസ്വാഭാവിക മരണത്തെക്കുറിച്ച് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് കോടതിയുടെ ഉത്തരവ്. ആത്മഹത്യാ പ്രേരണ (306), ഗൂഢാലോചന (120 -ബി) വകുപ്പുകൾ പ്രകാരം കേസെടുക്കാനാണ് ഉത്തരവിൽ പറയുന്നത്. മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാവാൻ പത്തനംതിട്ട ക്രൈംബ്രാഞ്ച് ഓഫീസിൽ നിന്നു നോട്ടീസ് ലഭിച്ചതോടെ മഹേശൻ മാനസികമായി തകർന്നുപോയെന്ന് ഉഷാദേവി നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.