s

അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ആലപ്പുഴ: ജില്ലാപഞ്ചായത്ത്, ബ്ളോക്ക്, ഗ്രാമ പഞ്ചായത്തുകൾ, നഗരസഭകൾ എന്നിടങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങൾ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. മുതിർന്ന അംഗത്തിനാണ് വരണാധികാരി ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തത്. തുടർന്ന് ഈ അംഗം മറ്റംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകൾ നിശ്ചയിച്ചിരുന്നതെങ്കിലും എല്ലായിടത്തും പ്രവർത്തകരുടെ ആവേശത്തിന് തെല്ലും നിയന്ത്രങ്ങളില്ലായിരുന്നു. എന്നാൽ സത്യപ്രതിജ്ഞാ വേദിയിൽ വലിയ തിരക്കുണ്ടാവാതിരിക്കാൻ പൊലീസ് പരിശ്രമിച്ചു. സത്യപ്രതിജ്ഞ സമയം അതത് വാർഡുകളിൽ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് പ്രവർത്തകർ സന്തോഷം പങ്കുവച്ചത്.

ജില്ലാ പഞ്ചായത്ത്

ജില്ലാ പഞ്ചായത്തിലെ പുതിയ 23 അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. ഏറ്റവും മുതിർന്ന അംഗമായ വെളിയനാട് ഡിവിഷനിലെ എം.വി. പ്രിയയ്ക്ക് ജില്ലാ പഞ്ചായത്ത് വരണാധികാരിയായ കളക്ടർ എ.അലക്സാണ്ടർ ആദ്യം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിന് ശേഷം എം.വി. പ്രിയയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ ആദ്യ യോഗവും ചേർന്നു.

നഗരസഭകൾ

 ആലപ്പുഴ നഗരസഭയിലെ മുതിർന്ന അംഗമായ പൂന്തോപ്പ് വാർഡ് കൗൺസിലർ ബി. മെഹബൂബിന് മുനിസിപ്പാലിറ്റിയുടെ ചുമതലയുള്ള വരണാധികാരിയായ സബ് കളക്ടർ എസ്.ഇലക്യ സത്യവാചകം ചൊല്ലിക്കൊടുത്തു. പിന്നീട് മെഹബൂബിന്റെ അദ്ധ്യക്ഷതയിൽ അംഗങ്ങളുടെ ആദ്യ യോഗവും ചേർന്നു.

 കായംകുളം നഗരസഭയിൽ റിട്ടേണിംഗ് ഓഫീസർ കൂടിയായ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ആർ. വിനോദ് മുതിർന്ന കൗൺസിൽ അംഗമായ പി.സി. റോയിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

 ചേർത്തല നഗരസഭയിൽ വരണാധികാരി ബി. വിനു മുതിർന്ന അംഗം ഏലിക്കുട്ടി ജോണിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

 ഹരിപ്പാട് നഗരസഭയിലെ മുതിർന്ന അംഗമായ എസ്. രാധാമണിയമ്മയാണ് ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്. നഗരസഭയുടെ ചുമതലയുള്ള വരണാധികാരി അനുപമ അറുമുഖൻ സത്യവാചകം ചൊല്ലിക്കൊടുത്തു. 10 പേർ ദൃഢപ്രതിജ്ഞയും മറ്റുള്ളവർ ദൈവനാമത്തിലുമാണ് പ്രതിജ്ഞ ചെയ്തത്.

 മാവേലിക്കര നഗരസഭയിലെ മുതിർന്ന അംഗമായ കെ.വി.ശ്രീകുമാറിന് വരണാധികാരിയായ രഞ്ജിത്ത് സത്യവാചകം ചൊല്ലിക്കൊടുത്തു.

 ചെങ്ങന്നൂർ നഗരസഭയിലെ മുതിർന്ന അംഗമായ തിട്ടമേൽ ഡിവിഷനിൽ നിന്നുള്ള തോമസ് വർഗീസ് ആദ്യം സത്യപ്രതിജ്ഞ ചെയ്തു. ബ്ലോക്കിന്റെ ചുമതലയുള്ള വരണാധികാരിയായ ജി.ഉഷാ കുമാരി സത്യവാചകം ചൊല്ലിക്കൊടുത്തു.

ബ്ലോക്കുകൾ

ആര്യാട്, കഞ്ഞിക്കുഴി, ഹരിപ്പാട്, ചെങ്ങന്നൂർ, വെളിയനാട്, അമ്പലപ്പുഴ,

ഭരണിക്കാവ്, തൈക്കാട്ടുശ്ശേരി, പെരുമ്പളം, ചമ്പക്കുളം, മാവേലിക്കര ബ്ളോക്ക് പഞ്ചായത്തുകളിലും ഗ്രാമ പഞ്ചായത്തുകളിലും അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു.