ആലപ്പുഴ : വീടിന്റെ കാർപോർച്ചിലുണ്ടായിരുന്ന രണ്ട് സ്‌കൂട്ടറുകളും ഒരു മോട്ടോർ സൈക്കിളും തീയിട്ട് നശിപ്പിച്ച കേസ് അന്വേഷിക്കുന്നതിൽ കരീലകുളങ്ങര പൊലീസ് ഗുരുതരമായ കൃത്യവിലോപം കാണിച്ച സാഹചര്യത്തിൽ കോടതിയുടെ അനുവാദം വാങ്ങി ഡിവൈ എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസുകൾ പുനരന്വേഷിച്ച് അന്തിമ റിപ്പോർട്ട് ഹാജരാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജൂഡിഷ്യൽ അംഗം പി. മോഹനദാസ് ജില്ലാ പൊലീസ് മേധാവിക്ക് ഉത്തരവ് നൽകി.
കരീലകുളങ്ങര എസ്. ഐയും കായംകുളം ഡിവൈ. എസ്.പിയും കേസന്വേഷണത്തിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയാൽ അവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി.
2019 ജനുവരി 3നാണ് ആലപ്പുഴ കിഴക്കുമുറി പ്ലാമൂട്ടിൽ വീട്ടിൽ പി.വി.ജോസിന്റെ വീട്ടിലാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. പരാതിക്കാരന്റെ വീട്ടിൽ കയറി വാഹനങ്ങൾ തീയിട്ട പ്രതികൾ അന്ന് തന്നെ സർക്കാർ സ്‌കൂളിൽ കയറി പ്രതിമ നശിപ്പിച്ചു. ഡിവൈ എസ്.പിയുടെ അന്വേഷണം നടക്കുന്നതിനിടയിൽ 2019 ജൂൺ 29ന് വീണ്ടും പരാതിക്കാരന്റെ കാർപോർച്ചിൽ കയറി മോട്ടോർ സൈക്കിളിന് തീയിട്ടു. 2019 ജൂലായ് 15ന് ചിലർ വീട്ടിൽ അതിക്രമിച്ചു കയറി പരാതിക്കാരനെ ഭീഷണിപ്പെടുത്തി. ഈ കേസുകളിലൊന്നും അന്വേഷണം നടന്നില്ലെന്ന് കമ്മീഷൻ കണ്ടെത്തി. ഒരു പ്രതിയെ മാത്രമാണ് അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒരാൾ മാത്രമാണ് കുറ്റം ചെയ്തതെന്ന കാര്യം അവിശ്വസനീയമാണെന്നും കമ്മീഷൻ നിരീക്ഷിച്ചു.