തുറവൂർ: പഞ്ചായത്ത് ഭരണസമിതികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ എന്നീ പഞ്ചായത്തുകളിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ മുതിർന്ന അംഗം ഓരോരുത്തർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.എൽ.ഡി.എഫ് അംഗങ്ങൾ ദൃഢപ്രതിജ്ഞയും യൂ.ഡി.എഫ്, എൻ.ഡി.എ അംഗങ്ങൾ ഈശ്വരനാമത്തിലുമാണ് പ്രതിജ്ഞയെടുത്തത്. തുറവൂർ പഞ്ചായത്തിൽ 10-ാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി.അംഗം എസ്. ജയസുധ സംസ്കൃത ഭാഷയിൽ സത്യവാചകം ചൊല്ലി .

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും വൻ ആൾക്കൂട്ടമില്ലാതെയുമാണ് പഞ്ചായത്ത് കാര്യാലയങ്ങൾക്ക് മുന്നിൽ ഒരുക്കിയ പന്തലുകളിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിൽ, ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ വയലാർ ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗമായ എസ്.വി.ബാബുവിന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്.ഐ.രാജീവ് ആദ്യം സത്യവാചകം ചൊല്ലി കൊടുത്തു. എൽ.ഡി.എഫിന് വീണ്ടും ഭരണം ലഭിച്ച ബ്ലോക്ക് പഞ്ചായത്തിൽ, എൽ.ഡി.എഫ് അംഗങ്ങൾ പൊന്നാംവെളി മേനാശേരിയിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം പ്രവർത്തകരുമൊത്ത് പ്രകടനവുമായാണ് സത്യപ്രതിജ്ഞയ്ക്ക് എത്തിയത്.