കുട്ടനാട്: തുടർച്ചയായി മടവീണു കൃഷി നശിക്കുന്ന കൈനകരി കനകാശ്ശേരി പാടശേഖരത്തിന്റെ പുറംബണ്ട് ബലപ്പെടുത്തുന്നതിന് മുഖ്യമന്ത്രി ഇടപെട്ട് നടപടികൾ സ്വീകരിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം പള്ളാതുരുത്ത് 25ാം നമ്പർ ശാഖ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. 2018 മുതൽ തുടർച്ചയായി ഇതു നാലാം തതവണയാണ് പുറംബണ്ട് തകരുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിട്ടുള്ളത്. ഇനിയും സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകാത്ത പക്ഷം കുട്ടനാട് യൂണിയന്റെ സഹകരണത്തോടെ പ്രത്യക്ഷ സമര പരിപാടികൾക്ക് തയ്യാറാകുമെന്ന് ശാഖാ പ്രസിഡന്റ് പി സി അജിതൻ പറഞ്ഞു. കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ്ശാന്തി യോഗം ഉദ്ഘാടനം ചെയ്തു യൂണിയൻ അഡ്മിനിസ്‌ട്രേറ്റിവ് കമ്മറ്റിയംഗം അഡ്വ: എസ് അജേഷ്‌കുമാർ, ശാഖ വൈസ് പ്രസിഡന്റ് ബൈജു എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ.ശശിധരൻ സ്വാഗതവും കമ്മി​റ്റിയംഗം സന്തോഷ്‌കുമാർ നന്ദിയും പറഞ്ഞു.