പൂച്ചാക്കൽ: തദ്ദേശ സ്ഥാപനങ്ങളിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞതോടെ, അദ്ധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾ സജീവമായി. എൽ.ഡി.എഫിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിൽ, തളിയാപറമ്പ് ഡിവിഷനിൽ നിന്ന് വിജയിച്ച സി.പി.എമ്മിലെ പി.എം.പ്രമോദ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയേക്കും. അരൂക്കറ്റി പഞ്ചായത്തിൽ അട്ടിമറി വിജയം നേടിയ യു ഡി.എഫ്, പ്രസിഡന്റ് സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറും മധുരക്കുളം വാർഡ് പ്രതിനിധിയുമായ വി.എ.മുഹമ്മദ് അഷറഫിനെയാണ്. പാണാവള്ളിയിൽ അദ്ധ്യക്ഷ സ്ഥാനം വനിത സംവരണമാണ്. അഞ്ചാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സി.പി.എമ്മിലെ ധന്യ സന്തോഷിനാണ് സാദ്ധ്യത. ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തിൽ പതിനഞ്ചിൽ ഏഴു സീറ്റു നേടിയ എൽ.ഡി.എഫ് ഇത്തവണയും ഭരിക്കും. കോൺഗ്രസും ബി.ജെ.പി യും നാലു സീറ്റുകൾ നേടിയിട്ടുണ്ട്. സി .പി എമ്മിലെ മുതിർന്ന നേതാവും മൂന്നാം വാർഡ് പ്രതിനിധിയുമായ ഡി.വിശ്വംഭരൻ പ്രസിഡന്റാകുമെന്നാണ് സൂചന.