ചേർത്തല: നഗരസഭയിലും ഗ്രാമപഞ്ചായത്തുകളിലും പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ചേർത്തല നഗരസഭയിൽ മുതിർന്ന അംഗം 27-ാം വാർഡിൽ നിന്നുള്ള ഏലിക്കുട്ടിജോണിന് വരണാധികാരി വിനുകുമാർ സത്യവാചകം ചൊല്ലി നൽകി.തുടർന്ന് ഏലിക്കുട്ടിജോൺ മറ്റ് 34 അംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. എൽ.ഡി.എഫ് നേതാക്കളായ കെ.പ്രസാദ്,കെ.രാജപ്പൻനായർ,ടി.ടി.ജിസ്‌മോൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ഉണ്ണിക്കൃഷ്ണൻ,ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
കടക്കരപ്പള്ളിയിൽ മുതിർന്ന അംഗം ജയിംസ് ചിങ്കുതറ ആദ്യം വരണാധികാരിക്കുമുന്നിൽ സത്യപ്രതിജ്ഞയെടുത്തു. വയലാറിൽ മുതിർന്ന അംഗം ഓമനാബാനർജിയാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. തണ്ണീർമുക്കത്ത് മുതിർന്ന അംഗം കെ.ജെ.ജോസഫിന് വരണാധികാരി സത്യവാചകം ചൊല്ലിക്കൊടുത്തു. ചേർത്തല തെക്കിൽ മുതിർന്ന അംഗം മേരി ഗ്രേയ്‌സ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലി.