
നിയന്ത്രണങ്ങളിലെ ഇളവ് ആശുപത്രികളിലെ ഒ.പി വിഭാഗങ്ങൾക്ക് ബാധകമാക്കുന്നില്ല
ആലപ്പുഴ: കൊവിഡിനെ തുടർന്ന് മെഡിക്കൽ കോളേജ് ഉൾപ്പെടെ ജില്ലയിലെ സർക്കാർ ആശുപത്രികളുടെ ഒ.പി സമയം പുനഃക്രമീകരിച്ചത് രോഗികൾക്ക് വിനയാകുന്നു. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തിൽ വൻ ഇളവ് ഇതിനകം അനുവദിച്ചെങ്കിലും ആശുപത്രികളിലെ ഒ.പി സമയത്തിൽ മാറ്റം വരുത്തിയിട്ടില്ല. കൊവിഡ് വ്യാപനത്തിനു മുമ്പ് രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നുവരെ പ്രവർത്തിച്ചിരുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒ.പി വിഭാഗങ്ങൾ ഇപ്പോൾ രാവിലെ 11 വരെയേ പ്രവർത്തിക്കുന്നുള്ളൂ.
ഒ.പി സമയം വെട്ടിക്കുറച്ചതോടെ, മുഴുവൻ സമയവും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗത്തിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. 11മണിക്ക് ഒ.പി സമയം അവസാനിച്ചതിനുശേഷം രോഗികൾ അത്യാഹിത വിഭാഗത്തെ ആശ്രയിക്കേണ്ടി വരും. അത്യാഹിത വിഭാഗത്തിൽ തിരക്കാണെങ്കിൽ ഏറെ സമയം കാത്തിരിക്കേണ്ടി വരുമെന്നതിനാൽ പല രോഗികളും ഇവിടെ നിന്ന് മടങ്ങി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ്. കെ.എസ്.ആർ.ടി.സി ബസുകൾ, ബാർ, സർക്കാർ മദ്യവില്പന ശാലകൾ എന്നിവിടങ്ങളിൽ കൊവിഡ് നിയന്ത്രണ ഉളവുകൾ നിലവിൽ വന്നിട്ടും ആശുപത്രികളിൽ ഒ.പി സമയം പഴയപോലെ പുനഃസ്ഥാപിക്കാൻ അധികാരികൾ തയ്യാറാകാത്തതിൽ പ്രതിഷേധമുയരുന്നു.
മരുന്ന് വാങ്ങാനും പോക്കറ്റ് ചോരും
രക്തസമ്മർദ്ദം, പ്രമേഹം, വൃക്കരോഗം, ഹൃദ്രോഗം എന്നിവയുള്ളവർക്ക് മുടക്കം കൂടാതെ കഴിക്കേണ്ട മരുന്നുകൾ ആശുപത്രിയിൽ നിന്ന് സൗജന്യമായി ലഭിക്കണമെങ്കിൽ ഒ.പി.ടിക്കറ്റിന് നമ്പർ ഇടണം. ഒ.പി സമയത്തിന് ശേഷം എത്തുന്ന ഇത്തരം രോഗികൾക്ക് ഒരുമണിവരെ നമ്പർ ഇട്ട് നൽകുന്നതിനുള്ള സൗകര്യം ഏർപ്പെടുത്താത്തതിനാൽ പലരും കൂടിയ വിലക്ക് മരുന്ന് പുറത്ത് നിന്ന് വാങ്ങേണ്ട അവസ്ഥയുണ്ട്. കഴിഞ്ഞ ദിവസം ആശുപത്രിയിലെ ഒരു ജീവനക്കാരന്റെ ബന്ധുവിന് ഒ.പിയിൽ സീനിയർ ഡോക്ടർമാരുടെ സേവനം ലഭിക്കാത്ത സംഭവം ഉണ്ടായി. ആശുപത്രിയിൽ എത്തിയാലും ചില സീനിയർ ഡോക്ടർമാർ ഒ.പി വിഭാഗത്തിൽ എത്താറില്ലെന്ന പരാതിയും ഉണ്ട്.
3000 : കൊവിഡ് നിയന്ത്രണങ്ങൾക്കു മുമ്പ് മെഡി.കോളേജ് ആശുപത്രി ഒ.പി വിഭാഗത്തിൽ പ്രതിദിനം എത്തിയിരുന്ന രോഗികൾ
700 : ഇപ്പോൾ മെഡി.കോളേജ് ആശുപത്രിയിൽ പ്രതിദിനം ഒ.പി വിഭാഗത്തിൽ എത്തുന്ന രോഗികൾ
ആവശ്യം
ജില്ലയിലെ താലൂക്ക് ആശുപത്രികൾ, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ഒ.പി പ്രവർത്തന സമയം കൊവിഡിന് മുമ്പ് ഉണ്ടായിരുന്നത് പോലെ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചു മണിവരെയാക്കണമെന്നാവശ്യം ഉയർന്നിട്ടുണ്ട്. ഇപ്പോൾ ഒ.പിയുടെ പ്രവർത്തനം ഉച്ചവരെയേ ഉള്ളൂ.
" ഒ.പി പ്രവർത്തന സമയം പുനർനിശ്ചയിച്ചുള്ള അറിയിപ്പ് സംസ്ഥാന സർക്കാർ നൽകിയിട്ടില്ല. ഒ.പി പ്രവർത്തന സമയം നിലവിലുള്ള അവസ്ഥയിൽ തുടരും.
ഡോ. എൽ.അനിതകുമാരി, ഡി.എം.ഒ, ആലപ്പുഴ