s

ഓൺലൈനിൽ നിന്ന് ക്ളാസ് റൂമിലേക്ക് അദ്ധ്യയനം മാറുമ്പോൾ അദ്ധ്യാപകരുടെ കുറവ് വെല്ലുവിളി

ആലപ്പുഴ: കാത്തിരിപ്പിനൊടുവിൽ 10, 12 ക്ലാസ് വിദ്യാർത്ഥികൾ സ്കൂളിലേക്ക് മടങ്ങിയെത്തുമ്പോൾ അവരെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് അദ്ധ്യാപകരും മാനേജ്മെന്റുകളും. എന്നാൽ, ഹയർ സെക്കൻഡറിയിലടക്കം വിവിധ അദ്ധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് പ്രതിസന്ധിയുണ്ടാക്കും.

സംസ്ഥാനത്ത് 44 ബാച്ചുകളിൽ അദ്ധ്യാപകരുടെ കുറവുണ്ടെന്നാണ് കണക്ക്. നിലവിൽ വിക്ടേഴ്സ് ചാനലിലെ ക്ലാസ് വഴി നടന്നുവരുന്ന അദ്ധ്യായനം ക്ലാസ് മുറിയിലേക്ക് തിരിച്ചെത്തുമ്പോൾ അദ്ധ്യാപകരില്ലാതെ എങ്ങനെ വിഷയങ്ങൾ കൈകാര്യം ചെയ്യുമെന്നതാണ് പ്രധാന വെല്ലുവിളി. പുതിയ തസ്തിക സൃഷ്ടിക്കാത്തിടത്ത് ഗസ്റ്റ് അദ്ധ്യാപകരെ പകരത്തിന് നിയമിച്ചിട്ടുമില്ല. ഹൈസ്ക്കൂൾ വിഭാഗത്തിലാവട്ടെ, എല്ലാ വർഷവും ഒഴിവുള്ള തസ്തികകളിലേക്ക് നടക്കാറുള്ള ജില്ലാതല സ്ഥലം മാറ്റം ഇത്തവണ കൊവിഡിന്റെ പശ്ചാത്തലത്തിൽ നടന്നിട്ടില്ല. സ്ഥലം മാറ്റത്തിന് അർഹതയുള്ളവരുടെ സീനിയോറിറ്റി ലിസ്റ്റും പ്രൊഫഷണൽ ട്രാൻസ്ഫർ ലിസ്റ്റും എല്ലാ ജില്ലകളിലും പ്രസിദ്ധീകരിച്ചിരുന്നു. സ്കൂൾ തുറക്കാത്തത് മൂലം തുടർ നടപടികൾ മുന്നോട്ട് നീങ്ങിയില്ല.

അഞ്ചുവർഷത്തിലധികമായി അദ്ധ്യാപകരുടെ പോസ്റ്റുകൾ അനുവദിക്കാത്ത നിരവധി ഹയർ സെക്കൻഡറി സ്കൂളുകൾ സംസ്ഥാനത്തുണ്ട്. അവിടെ നിലവിൽ അദ്ധ്യാപകരില്ല, പ്രിൻസിപ്പലുമില്ല. ഹൈസ്കൂൾ പ്രഥമാദ്ധ്യാപകനു ചുമതല നൽകിയാണ് സ്കൂൾ പ്രവർത്തിക്കുന്നത്. സാധാരണഗതിയിൽ അക്കാദമിക് വർഷത്തിന്റെ തുടക്കത്തിൽത്തന്നെ ഗസ്റ്റ് അദ്ധ്യാപകരെ നിയമിച്ചാണ് ക്ലാസുകൾ നടന്നിരുന്നത്. 2020 ഫെബ്രുവരിയോടെ കഴിഞ്ഞ വർഷത്തെ ഗസ്റ്റ് അദ്ധ്യാപകരെല്ലാം പിരിഞ്ഞുപോയി. ഇത്തവണ ജൂൺ മാസത്തിൽ സ്കൂൾ തുറക്കാത്തതിനാൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിച്ചുമില്ല. ഒരു സ്ഥിരം അദ്ധ്യാപകൻ പോലുമില്ലാത്ത ഹയർസെക്കൻഡറി സ്കൂളുകൾ കേരളത്തിലുണ്ട്. അവിടുത്തെ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തെക്കുറിച്ച് നിർദ്ദേശം നൽകാനോ വിക്ടേഴ്സ് ക്ലാസുകൾ കണ്ട് കൂടുതൽ ചർച്ചകൾ നടത്താനോ സംശയനിവാരണം നടത്താനോ ആരുമില്ല.

44 : പ്ളസ് ടുവിന്റെ 44 ബാച്ചുകളിൽ അദ്ധ്യാപകരുടെ കുറവ്

അഡ്വൈസ് മെമ്മോ അയച്ചു തുടങ്ങി

പി.എസ്.സി വഴി നിയമനം ലഭിച്ച ഹൈസ്ക്കൂൾ അദ്ധ്യാപകർക്ക് സ്കൂളുകൾ തുറക്കാത്തതിനാൽ ഇനിയും പ്രവേശനം ലഭിച്ചിട്ടില്ല. അടുത്ത മാസം അദ്ധ്യയനം ആരംഭിക്കാൻ തീരുമാനമായതോടെ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് അഡ്വൈസ് മെമ്മോ അയച്ചു തുടങ്ങി. ഈ അദ്ധ്യയന വർഷം പുത്തൻ അദ്ധ്യാപകർ ക്ലാസിൽ നേരിട്ടെത്തി പഠിപ്പിക്കാൻ സാധ്യത തീരെ കുറവാണ്. 90 ശതമാനം പഴയ അദ്ധ്യാപകരെ ഉപയോഗിച്ചാവും ക്ലാസുകൾ കൈകാര്യം ചെയ്യുക. പുതിയതായി നിയമനം ലഭിക്കുന്ന അദ്ധ്യാപകർ ഗ്രേഡ് തലത്തിൽ സീനിയോറിറ്റി ലിസ്റ്റിൽ പിന്തള്ളപ്പെട്ട് പോകാതിരിക്കാനാണ് ഇപ്പോൾ അഡ്വൈസ് നൽകി നിയമിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നു.

ആശങ്ക ഒഴിയുന്നില്ല

പുത്തൻ അദ്ധ്യയന വർഷത്തിലെ വിശദമായ പദ്ധതിയും നടപടിക്രമവും 23ന് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിലേ തീരുമാനമാകൂ. ഓരോ ബാച്ചിലും പരമാവധി എത്ര കുട്ടികളാവാം, ക്ലാസ് സമയം തുടങ്ങിയവ സംബന്ധിച്ച് ആശങ്ക തുടരുകയാണ്. കൊവിഡ് പശ്ചാത്തലത്തിൽ എല്ലാ രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ അയക്കാൻ തയാറാകുമോ എന്നതും സംശയമാണ്.

ഇപ്പോൾ നിയമനം ലഭിക്കുന്ന അദ്ധ്യാപകരുടെ ശമ്പളക്കാര്യത്തിലാണ് തീരുമാനമാകാനുള്ളത്. ഗ്രേഡ് പരിഗണിക്കുന്ന സമയത്ത് പിന്നിലായി പോകാതിരിക്കാനാണ് ഇവർക്ക് അഡ്വൈസ് നൽകുന്നത്. അദ്ധ്യാപകരുടെ സ്ഥലം മാറ്റം സംബന്ധിച്ച് നിലിവിൽ പുതിയ തീരുമാനങ്ങളൊന്നുമായിട്ടില്ല. സ്കൂൾ തുറക്കുന്ന മുറയ്ക്ക് മാത്രമേ വിഷയത്തിൽ നടപടികളാകൂ. ഒരു വിദ്യാലയത്തിലും പഠിപ്പിക്കാൻ അദ്ധ്യാപകരുടെ കുറവില്ലാത്ത വിധം ക്രമീകരണങ്ങൾ ഒരുക്കും

- വിദ്യാഭ്യാസ വകുപ്പ് അധികൃതർ

പത്താം ക്ലാസിലെ 50 ശതമാനം വീതം കുട്ടികൾ ഓരോ ദിവസവും സ്കൂളിലെത്തുമ്പോൾ അവരെ പഠിപ്പിക്കാൻ സംസ്ഥാനത്തെ പല സ്കൂളുകളിലും അദ്ധ്യാപകരില്ലാത്ത അവസ്ഥയാണ്. സർക്കാരിന് യാതൊരു സാമ്പത്തിക ബാദ്ധ്യതയുമില്ലാത്ത അദ്ധ്യാപക സ്ഥലം മാറ്റം വേഗത്തിലാക്കിയാൽ കുട്ടികളുടെ പഠനം സുഗമമാകും

- അദ്ധ്യാപകർ