photo

പ്രതികൾ പിടിയിലായത് എട്ടുമാസത്തിനു ശേഷം

ആലപ്പുഴ: അടഞ്ഞു കിടന്ന വീട്ടിൽ നിന്ന് 20 പവൻ കവർന്ന കേസിലെ പ്രതികൾ എട്ടുമാസത്തിനു ശേഷം പിടിയിലായി. സുഹൃത്തുക്കളായ ആലപ്പുഴ കൊറ്റംകുളങ്ങര തിരുനല്ലിയിൽ നിജീഷ്(33), ആര്യാട് സൗത്ത് കൊറ്റംകുളങ്ങര പൂജപ്പറമ്പിൽ വേണു(46)എന്നിവരെയാണ് ആലപ്പുഴ ഡിവൈ എസ്.പി എൻ.ആർ.ജയരാജും നോർത്ത് സി.ഐ വിനോദും ചേർന്ന് അറസ്റ്റ് ചെയ്തത്.

പുന്നമടയിലെ റിസോർട്ടിലെ ഷെഫായിരുന്ന തമിഴ്നാട് സ്വദേശിയായ കുമാറും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന തോപ്പുവെളിയിൽ വീട്ടിലാണ് കഴിഞ്ഞ ഏപ്രിൽ 30ന് ഇരുവരും കവർച്ച നടത്തിയത്. ഭാര്യാസഹോദരന് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് കുമാറും കുടുംബവും പെട്ടെന്ന് ചെന്നൈയിലേക്ക് പോയി. കൊവിഡ് രൂക്ഷമായതിനാൽ ഇവർ ചെന്നൈയിൽ നിരീക്ഷണത്തിലായി. കുമാറും കുടുംബവും ഇല്ലാതിരിക്കെ കെട്ടിട ഉടമ പറമ്പിൽ ചക്ക നോക്കാൻ എത്തിയപ്പോൾ വീടിന്റെ മുൻഭാഗത്തെ വാതിൽ തുറന്ന് കിടക്കുന്നതായി കണ്ട് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ കറിമസാലപ്പൊടി വിതറിയ നിലയിലും ബാത്ത് റൂമിന്റെ വെന്റിലേഷന്റെ രണ്ട് ചില്ലുകൾ ഊരിമാറ്റിയ നിലയിലുമായിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ വിരലടയാള വിദഗ്ധർ നടത്തിയ പരിശോധനയിൽ അവ്യക്തമായ മൂന്ന് വിരലടയാളങ്ങൾ ലഭിച്ചു. പുറത്ത് നിന്ന് ആരും എത്തി മോഷണം നടത്താൻ സാദ്ധ്യതയില്ലെന്ന നിഗമനത്തിൽ പരിസരവാസികളായ 50പേരുടെ വിരലടയാളം ശേഖരിച്ചു. സ്വർണ്ണപണയ വായ്പാ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. കൊവിഡ് സാഹചര്യം അനുകൂലമല്ലതാതിരുന്നതിനാൽ കൂടതൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്താൻ അന്ന് പൊലീസിന് സാധിച്ചില്ല. അടുത്തിടെ ജില്ലാ പൊലീസ് മേധാവി പി.എസ്.സാബുവിന്റെ നിർദേശാനുസരണം ഇത്തരം കേസുകൾ കൈകാര്യം ചെയ്ത് മികവ് തെളിയിച്ച ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ പ്രതികൾ കുടുങ്ങുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രത്യേക അന്വേഷണ സംഘത്തിൽ എസ്.ഐ.ടോൾസൺ ജോസഫ്, എസ്.ഐ നെവിൻ, എ.എസ്.ഐ മോഹൻകുമാർ, സൈബർ വിദഗ്ദ്ധൻ എ.എസ്.ഐ സുധീർ, ബിനോജ്, വിഷ്ണു, സാഗർ, പ്രമീഷ്, ജോസഫ് ജോയ്, ഷിനോയ് എന്നിവരും ഉണ്ടായിരുന്നു.

രണ്ട് ലക്ഷം രൂപയ്ക്ക് തത്ത,

ആർഭാട ജീവിതം

പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ നിജീഷ് ഒരു സുഹൃത്തിന്റെ തത്തയെ രണ്ട് ലക്ഷം രൂപയ്ക്ക് വാങ്ങിയതായി വിവരം ലഭിച്ചു. ഇതിന് പുറമേ പ്രതികൾ ഇരുവരും ചേർന്ന് മദ്യപിക്കുന്നതിന് അമിതമായി പണം ചെലവഴിക്കുന്നതായും കണ്ടെത്തി. പ്രദശവാസികളായ 60പേരുടെ ഒരുവർഷത്തെ മൊബൈൽ കോളുകളും സംഭവദിവസം പ്രദേശത്തെ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള കോളുകളും പരിശോധിച്ചു.

മുമ്പ് പ്രദേശത്ത് ആട്, കോഴി, ഗ്യാസ് സിലണ്ടർ തുടങ്ങിയവ മോഷണം നടത്തിയിട്ടുള്ളതും ഇപ്പോൾ പുന്നപ്രയിൽ താമസക്കാരനുമായ നിജീഷ് ലോക്ക്ഡൗൺ സമയത്ത്, മോഷണം നടന്ന വീടിന്റെ സമീപത്തുള്ള മറ്റോരു വീടിന്റെ ടെറസിൽ ഒരാഴ്ചക്കാലം ഉണ്ടായിരുന്നതായി വിവരം ലഭിച്ചു.നിജീഷിനെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ കൊറ്റംകുളങ്ങരയിലെ വീട്ടിൽ പുതുതായി ഗൃഹോപകരണങ്ങൾ വാങ്ങുകയും പലർക്കും പണം പലിശക്ക് കൊടുത്തതായും മദ്യപാനത്തിനും ഓട്ടോയിൽ സഞ്ചരിക്കുന്നതിനും അമിത പണം ചെലവഴിക്കുന്നതായും കണ്ടെത്തി. ഇത്രയും രൂപ ചെലവഴിക്കുന്നത് എങ്ങനെ എന്നതിനെപ്പറ്റി പ്രതകളെ ചോദ്യം ചെയ്തപ്പോൾ മോഷണവിവരം സമ്മതിക്കുകയായിരുന്നു. ജൂവൽ ബോക്സ് പണിക്കാരാണ് ഇരുവരും. വേണുവിന്റെ പരിചയത്തിൽ ആലപ്പുഴ,ആലുവ എന്നിവിടങ്ങളിലെ ജൂവലറികളിൽ സ്വർണം വിറ്റഴിച്ചതായും സമ്മതിച്ചു.