
പാവപ്പെട്ടവരുടെ ജില്ലയാണ് ആലപ്പുഴയെന്നാണ് പൊതുവെ പറയാറ്. ഇവിടുത്തെ ജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് വഹിക്കുന്ന സേവനം വളര വലുതാണ്. കൃത്യമായ ഇടവേളകളിൽ പലവിധത്തിലുള്ള സാംക്രമിക രോഗങ്ങളും ഇവിടെ വന്നുപോകാറുണ്ട്. എലിപ്പനി, ഡെങ്കിപ്പനി, ജപ്പാൻജ്വരം,ചിക്കുൻഗുനിയ തുടങ്ങി ഇവിടെ വന്നുപോകാത്ത വ്യാധികളില്ല. അത്തരം സന്ദർഭങ്ങളിലെല്ലാം സാധാരണക്കാരന് തുണയാവുന്നത് ആലപ്പുഴ മെഡിക്കൽ കോളേജാണ്. ആയിരക്കണക്കിന് രോഗികളാണ് നിത്യേന ഇവിടെ വന്നുപോകുന്നത്. നേരത്തെ നഗരമദ്ധ്യത്തിൽ അസൗകര്യങ്ങളുടെ നടുവിലാണ് മെഡിക്കൽ കോളേജ് ആശുപത്രി പ്രവർത്തിച്ചിരുന്നത്. മെഡിക്കൽ കോളേജ് വണ്ടാനത്തും. മെഡിക്കൽ വിദ്യാർത്ഥികൾ കോളേജും ആശുപത്രിയുമായി തെക്കുവടക്ക് ഓടിയിരുന്ന കാലം. വണ്ടാനത്ത് ആവശ്യത്തിന് സ്ഥലസൗകര്യമുണ്ടായിട്ടും ആശുപത്രി കൂടി കോളേജ് വളപ്പിലേക്ക് എത്താൻ ഒരുപാട് പരിശ്രമം വേണ്ടിവന്നു. മന്ത്രി ജി.സുധാകരൻ അടക്കമുള്ളവരുടെ അശ്രാന്ത പരിശ്രമമാണ് ഇക്കാര്യത്തിൽ ഒടുവിൽ വിജയം കൊണ്ടുവന്നത്. ഇപ്പോൾ മെഡിക്കൽ കോളേജിൽ ആവശ്യത്തിന് കെട്ടിടങ്ങളുണ്ട്, എല്ലാ വിഭാഗങ്ങളുമുണ്ട്, സമർത്ഥരായ ഡോക്ടർമാരുണ്ട്. രോഗികൾക്കൊട്ട് പഞ്ഞവുമില്ല. കേരളത്തിലെ ഏറ്റവും നല്ല മെഡിക്കൽ കോളേജുകളിലൊന്ന് എന്ന പേരും ഉണ്ട്. അങ്ങനെ എല്ലാ സുഗമമായിരിക്കുമ്പോഴും ചില കല്ലുകടികൾ. ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്നവർക്കും കൂട്ടിരിപ്പുകാർക്കും ചില സൗജന്യങ്ങൾ ഇപ്പോൾ ഇവിടെ കിട്ടിത്തുടങ്ങിയിട്ടുണ്ട്. സർജറി , അത്യാഹിത വിഭാഗങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന താത്കാലിക ജീവനക്കാർക്കാണ് ആദ്യമായി സൗജന്യം ലഭിച്ചത്. എന്താണന്നറിയുമ്പോൾ അത്ഭുതപ്പെടേണ്ട. എലികടി! കഴിഞ്ഞ ആഴ്ചയിലാണ് സംഭവം. എലി കടിയേറ്റ ജീവനക്കാർ ചികിത്സ തേടി. അപ്പോഴാണ് കാര്യങ്ങൾ ഒന്നൊന്നായി പുറത്തേക്ക് വരുന്നത്. പല വാർഡുകളിലെയും രോഗികളെയും കൂട്ടിരിപ്പുകാരെയും പതിവായി എലി കടിക്കാറുണ്ട്. രണ്ടുമാസം മുമ്പ് കൊവിഡ് രോഗികളെ പരിചരിക്കുന്ന വാർഡിൽ ഗ്രേഡ് 2 അറ്റൻഡർക്ക് എലി കടിയേറ്റു. ഇങ്ങനെ ഓരോരുത്തരുടെയും അനുഭവങ്ങൾ പുറത്തേക്ക് വന്നതോടെയാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എലികടി പുരാണം പുറത്തായത്. ആരും പരാതി പറയാൻ മിനക്കെടാത്തതിനാൽ കടികൊള്ളുന്നവർ ചികിത്സ കഴിഞ്ഞ് നൊമ്പരത്തോടെ മടങ്ങും.
പുറമെ കാര്യങ്ങളെല്ലാം ഭംഗിയാണെങ്കിലും ആശുപത്രിയുടെ പരിസരം അത്ര പന്തിയല്ല. പരിസരത്ത് സ്വാഭാവികമായും ഉണ്ടാകുന്ന മാലിന്യക്കൂമ്പാരമുണ്ട്. അത് കൃത്യമായ ഇടവേളകളിൽ നീക്കാനുള്ള സംവിധാനമില്ലാത്തതാണ് പ്രധാന പ്രശ്നം. ഈ മാലിന്യക്കൂമ്പാരത്തിൽ ഇഴജന്തുക്കൾക്കും എലി അടക്കമുള്ള ജീവികൾക്കും യഥേഷ്ടം വിഹരിക്കാമെന്ന സൗകര്യമുണ്ട്. ആശുപത്രി വളപ്പിലെ കുറ്റിക്കാടും ഇത്തരം ജീവികൾ പെരുകാൻ കാരണമാണ്. ഏതായാലും തുടർച്ചയായി ഉണ്ടാകുന്ന എലികടി സംഭവങ്ങൾ അധികൃതരെ ഒന്നുണർത്തിയിട്ടുണ്ട്. മാലിന്യങ്ങൾ നീക്കാൻ നടപടി സ്വീകരിച്ചതായാണ് അറിയുന്നത്.
കനകാശേരി പാടത്തിലെ മടവീഴ്ച
കൈനകരി പഞ്ചായത്തിലെ കനകാശേരി പാടശേഖരത്തിലെ മടവീഴ്ചയാണ് കഴിഞ്ഞ ആഴ്ച ജില്ലയിലുണ്ടായ മറ്റൊരു സങ്കടക്കാഴ്ച. മടവീണ് 200 ഹെക്ടർ കൃഷിയാണ് നശിച്ചത്. പുറംബണ്ടിലെ 500 വീടുകൾ വെള്ളത്തിലുമായി. കുട്ടനാട്ടിൽ മടവീഴ്ച പുതിയ കാര്യമല്ല. പാടശേഖരങ്ങളുടെ ബണ്ട് യഥാസമയം ബലപ്പെടുത്തിയും വെള്ളത്തിന്റെ പമ്പിംഗ് ക്രമപ്പെടുത്തിയും മാത്രമേ ഇത്തരം ദുരിതങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ സാധിക്കൂ. കൃഷിവകുപ്പും ഇറിഗേഷൻ വകുപ്പുമെല്ലാം ഓരോ വർഷവും ഇതിനായി ഫണ്ട് നീക്കി വയ്ക്കുകയും പദ്ധതികൾ തയ്യാറാക്കുകയും ചെയ്യാറുണ്ടെങ്കിലും ഒന്നും വേണ്ടത്ര ഫലം കാണാറില്ലെന്ന് മാത്രം. താത്കാലിക ബണ്ട് നിർമിച്ചും പാടത്തെ വെള്ളം വറ്റിച്ചും പ്രതിസന്ധി ഒഴിവാക്കാനാണ് ഇറിഗേഷൻ വകുപ്പിന്റെ ഇപ്പോഴത്തെ ശ്രമം. എന്നാൽ താത്കാലിക ബണ്ടിലൂടെ ദുരിതങ്ങൾക്കു അടിയന്തര പരിഹാരമാകില്ലെന്നാണ് പ്രദേശവാസികളുടെ വാദം. ബണ്ട് നിർമ്മിച്ച് വെള്ളം വറ്റിക്കാൻ മാസങ്ങളെടുക്കും. തുടർച്ചയായ മടവീഴ്ചയെത്തുടർന്ന് പാടശേഖരത്തിനുള്ളിലെ ചെളി ഒലിച്ചു പോയിട്ടുണ്ട്. അതുകൊണ്ട് താത്കാലിക ബണ്ട് ദുർബലമാകാനുള്ള സാദ്ധ്യതയും ഏറെയാണെന്ന് കർഷകർ പറയുന്നു.
അതേസമയം കനകാശേരി-മീനപ്പള്ളി പാടശേഖരങ്ങളെ വേർതിരിക്കുന്ന ഡിവൈഡിംഗ് ബണ്ട് ശക്തമാക്കണമെന്നാണ് പാടശേഖരത്തിലെ കർഷകരുടെ ആവശ്യം. ബണ്ട് ബലപ്പെടുത്തിയിരുന്നെങ്കിൽ അടിക്കടിയുണ്ടാകുന്ന മടവീഴ്ചയുടെ ദുരിതം ജനങ്ങൾക്ക് അനുഭവിക്കേണ്ടിയും വരില്ലായിരുന്നു. മടവീഴ്ചയുടെ ഭീതി കാരണം ഈ പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ മറ്റു ദേശങ്ങളിലേക്ക് മാറി പോകുന്ന സ്ഥിതിയും ഉണ്ട്.
ഇതു കൂടി കേൾക്കണേ
നാടിനെ അന്നം ഊട്ടിക്കാൻ നന്നായി പെടാപ്പാട് പെടുന്നവരാണ് കുട്ടനാട്ടിലെ കർഷകർ. ആവർത്തിച്ചു വരുന്ന ഇത്തരം ദുരിതങ്ങൾ അവരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അവരുടെ ക്ഷമ അധികം പരിശോധിക്കാതിരുന്നാൽ നാടിന് ഗുണം ചെയ്യും.