jcb

ആലപ്പുഴ: കാവാലം കരിയിൽ പാടം -ചാൽ പാടശേഖരത്തിൽ സുഭിക്ഷ കേരളം പദ്ധിതിയിൽപ്പെടുത്തി സ്വകാര്യ വ്യക്തിക്ക് മത്സ്യകൃഷി നടത്തുന്നതിന് പുറംബണ്ട് നിർമ്മിക്കാൻ സബ് കളക്ടർ നൽകിയ ഉത്തരവിലെ വ്യവസ്ഥകൾ ലംഘിക്കുന്നതായി നാട്ടുകാരുടെ ആക്ഷേപം. കാവാലം പ‌ഞ്ചായത്ത് ആറാം വാർഡ് നിവാസികളാണ് ആർ.ഡി.ഒയ്ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയത്. പുറംബണ്ട് നിർമ്മിക്കുമ്പോൾ അര മീറ്ററിൽ കൂടുതൽ കുഴിക്കാൻ പാടില്ലെന്ന നിയമം പാലിക്കുന്നില്ല. നെൽവയൽ സംരക്ഷണ നിയമം ലംഘിച്ചു കൃഷി ഭൂമി കുഴിച്ച് മണ്ണെടുക്കുകയാണ്. പുറം ബണ്ട് നിർമ്മാണം മൂലം പ്രദേശവാസികളുടെ നിലങ്ങളിൽ നീരൊഴുക്ക് തടസപ്പെട്ട് വീടിന് ചുറ്റം വെള്ളം കയറുകയാണെന്നും പരാതിയിൽ പറയുന്നു. കൃഷി ഓഫീസർ ആവശ്യപ്പെട്ടാലും തിരിച്ച് കൃഷി ഭൂമിയാക്കാൻ പറ്റാത്ത വിധം പ്രദേശം കുഴിച്ചതായും, നിയമ ലംഘനങ്ങൾ നേരിൽ കണ്ട് ബോദ്ധ്യപ്പെട്ട് ,പുറംബണ്ട് നിർമ്മിക്കാൻ നൽകിയ ഉത്തരവ് റദ്ദാക്കണമെന്നും ആറാം വാർഡ് നിവാസികളായ പത്ത് പേർ ചേർന്ന് ഒപ്പിട്ട് സമർപ്പിച്ച പരാതിയിൽ ആവശ്യപ്പെട്ടു.