ആലപ്പുഴ: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മേജർ ശസ്ത്രക്രിയക്ക് വിധേയനായ ജീവനക്കാരന്റെ പേരിൽ അടയ്ക്കാനുള്ള ഇ.എസ്.ഐ വിഹിതം എത്രയും വേഗം അടയ്ക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വകാര്യ കമ്പനിക്ക് ഉത്തരവ് നൽകി. ഇ.എസ്.ഐ വിഹിതത്തിന്റെ കുടിശിക ലഭിച്ചാലുടൻ ചികിത്സയ്ക്കും ശസ്ത്രക്രിയക്കുമായി ജീവനക്കാരന് ചെലവായ മുഴുവൻ തുകയും മടക്കി നൽകാനുള്ള നടപടികൾ സ്വീകുരക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർക്ക് ഉത്തരവ് നൽകി. ചേർത്തല എരമല്ലൂർ സ്വദേശി ആർ.ശശിധരക്കുറുപ്പിന്റെ പരാതിയിലാണ് നടപടി. 2014 ആഗസ്റ്റ് മുതൽ കോർ സെക്യൂരിറ്റി പ്രൈവറ്റ് ലിമിറ്റഡിൽ ഉദ്യോഗസ്ഥനാണ് പരാതിക്കാരൻ. 2019 നവംബർ നാലിനാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ പരാതിക്കാരന് മേജർ ശസ്ത്രക്രിയ വേണ്ടി വന്നു. 3,87,209 രൂപ ചികിത്സയിനത്തിൽ ചെലവായി. ഇ.എസ്.ഐ ആനുകൂല്യത്തിന്റെ ഭാഗമായി ചികിത്സാ ചെലവ് മടക്കികിട്ടാൻ എഴുപുന്ന ഇ.എസ്.ഐ ഡിസ്‌പെൻസറിയെ സമീപിച്ചപ്പോൾ ബില്ലുകൾ മടക്കി. 31 ദിവസം മാത്രമാണ് ജോലി ചെയ്ത കമ്പനിയിൽ നിന്നും ഇ.എസ്.ഐ വിഹിതം വിഹിതം അടച്ചിട്ടുള്ളതെന്നും സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സാ ആനുകൂല്യം ലഭിക്കണമെങ്കിൽ 78 ദിവസത്തെ വിഹിതം ആവശ്യമാണെന്നും ചൂണ്ടിക്കാണിച്ചാണ് ബിൽ മടക്കിയത്. താൻ ഇക്കാലയളവിൽ 100 ദിവസത്തിലേറെ ജോലി ചെയ്തിട്ടുണ്ടെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. വിഹിതം അടയ്ക്കാതെ പോയത് നോട്ടക്കുറവ് കാരണമാണെന്നും വിഹിതം അടയ്ക്കാൻ തങ്ങൾ തയ്യാറാണെന്നും കമ്പനി അറിയിച്ചു.