uvy

അച്ഛന്റെ പെരുമ നിലനിറുത്തിയ മകൾക്ക് ഹാട്രിക് വിജയം

ഹരിപ്പാട്: പുന്നപ്ര വയലാർ സമര സേനാനിയും കരുവാറ്റയിലെ കറതീർന്ന കമ്മ്യൂണിസ്റ്റുകാരിൽ പ്രമുഖനുമായിരുന്ന സഖാവ് കെ.എ. തങ്കപ്പന്റെ മകൾ ടി. പൊന്നമ്മയ്ക്ക് ഇക്കുറി ഹാട്രിക് തിളക്കം. അങ്കണവാടി വർക്കർ കൂടിയായ സി.പി.എം പ്രതിനിധി പൊന്നമ്മ, കരുവാറ്റ 13-ാം വാർഡിൽ നിന്ന് 317 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പഞ്ചായത്ത് ഓഫീസിന്റെ പടി കടന്നെത്തിയത്. പഞ്ചായത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്.

കരുവാറ്റ ഗ്രാമ പഞ്ചായത്തംഗമായിരുന്നു പരേതനായ കെ.എ. തങ്കപ്പൻ. പുന്നപ്ര- വയലാർ സമരകാലത്ത് കരുവാറ്റയിൽ ലൂഥർ മിഷന്റെ ഇംഗ്ലീഷ് അദ്ധ്യാപകനായിരിക്കെയാണ് കെ.എ.തങ്കപ്പൻ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം നടത്തിയത്. സി.പിയുടെ പട്ടാളത്തിൽ നിന്ന് കൊടിയ മർദ്ദനങ്ങൾ ഏറ്റുവാങ്ങിയ അദ്ദേഹം അടിയന്തിരാവസ്ഥക്കാലത്ത് ജയിൽശിക്ഷയും അനുഭവിച്ചു.

പിതാവിന്റെ വിപ്ളവാദർശമാണ് പൊന്നമ്മയും പിന്തുടരുന്നത്. പരേതയായ മൂത്ത സഹോദരിയും സഹകരണ ബാങ്ക് ഉദ്യോഗസ്ഥയുമായിരുന്ന ശോഭയുടെ കൈപിടിച്ചാണ് പൊന്നമ്മ പിതാവിനോടൊപ്പം രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. മറ്റു സഹോദരിമാരായ ലൈലയും ഓമനയും രാഷ്ട്രീയ പ്രവർത്തനത്തിൽ ഒപ്പമുണ്ട്. വാർദ്ധക്യത്തിന്റെ അവശതകൾ മറന്ന് അമ്മ ചെല്ലമ്മ ഇക്കുറിയും വോട്ടുചെയ്യാനെത്തിയത് പാർട്ടിപ്രവർത്തകർക്ക് ആവേശമായിരുന്നു.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് കരുവാറ്റ തൈച്ചിറ ബംഗ്ലാവിൽ പരേതനായ പി.ഗോപാലന്റെ മകൻ ഷാജിലാൽ മോഹൻ ആണ് പൊന്നമ്മയുടെ ഭർത്താവ്. ഒപ്പം മക്കളായ പ്രിൻസ് ലാലും പ്രവീൺ ലാലും അവരുടെ ഭാര്യമാരും കൊച്ചുമക്കളുമടങ്ങുന്നതാണ് പൊന്നമ്മയുടെ കുടുംബം. ഇക്കാലമത്രയും തന്നെ വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ജനങ്ങൾക്കു വേണ്ടി എക്കാലവും നിലകൊള്ളുമെന്നാണ് പൊന്നമ്മയുടെ വാഗ്ദാനം.

'തങ്കപ്പൻ സാർ'

നാട്ടിലെ വിദ്യാർത്ഥികളെയെല്ലാം ഇംഗ്ലീഷ് പഠിപ്പിച്ചതിനാൽ 'തങ്കപ്പൻ സാർ' എന്നാണ് കെ.എ. തങ്കപ്പൻ അക്കാലത്ത് അറിയപ്പെട്ടത്. 13-ാം വാർഡിൽ കൂടി കുമാരകോടിയിലേക്ക് പോകുന്ന, നാഷണൽ ഹൈവേ - സാന്ദ്രൻ ജംഗ്ഷൻ റോഡിന്റെ നിർമ്മാണത്തിനു ചുക്കാൻ പിടിച്ചതിന്റെ സ്മരണയ്ക്കായി റോഡിന് 'കെ.എ. തങ്കപ്പൻ റോഡ്' എന്ന് പേരിടുകയും ചെയ്തു.

കരുവാറ്റ ശ്രീ നാരായണ ഗുരുമന്ദിരം, 350-ാം നമ്പർ കയർ സഹകരണ സംഘം, ലൈബ്രറി തുടങ്ങിയ നിരവധി പ്രസ്ഥാനങ്ങൾക്ക് അദ്ദേഹവുമായി അഭേദ്യ ബന്ധമുണ്ട്. വി.എസ്.അച്യുതാനന്ദൻ, കെ.ആർ.ഗൗരിഅമ്മ, ഇ. ബാലാനന്ദൻ, വർഗ്ഗീസ് വൈദ്യൻ തുടങ്ങിയവരുമായി ആത്മബന്ധം പുലർത്തിയിരുന്നു.