
അനുമതി ലഭിച്ചതോടെ സഞ്ചാരികളുടെ പ്രവാഹം
ആലപ്പുഴ: മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പ്രവേശന അനുമതി ലഭിച്ചതോടെ ആലപ്പുഴ ബീച്ചിലേക്ക് അന്യ സംസ്ഥാന സഞ്ചാരികൾ ഉൾപ്പെടെ എത്തിത്തുടങ്ങി. മലയാളികൾ ഭൂരിഭാഗവും മാസ്ക് ഉപയോഗിച്ച് കരുതലിന് ശ്രമിക്കുമ്പോൾ തമിഴ്നാട്ടിൽ നിന്ന് കൂട്ടമായെത്തിയ സഞ്ചാരികളിൽ പലർക്കും കൊവിഡ് പ്രതിരോധ മാസ്കുകൾ ഉണ്ടായിരുന്നില്ലെന്നത് ആശങ്ക സൃഷ്ടിക്കുന്നു.
അൻപതോളം പേരടങ്ങിയ വിവിധ അന്യസംസ്ഥാന സംഘങ്ങളാണ് കൂട്ടത്തോടെ തീരത്തേക്കിറങ്ങിയത്. സാമൂഹിക അകലം പാലിക്കാൻ ഗാർഡുകൾ നിരന്തരം ആവശ്യപ്പെട്ടെങ്കിലും പലരും അനുസരിക്കാൻ തയ്യാറായില്ല. കൈക്കുഞ്ഞുങ്ങൾ മുതൽ വയോജനങ്ങൾ വരെ ഇന്നലെ ബീച്ചിലെത്തി. പത്തിനും 65 വയസിനും ഇടയിലുള്ളവർക്ക് നിലവിൽ പ്രവേശനാനുമതിയില്ല. നാലിലധികം പേർ കൂടാൻ പാടില്ലെന്ന നിർദ്ദേശം നിലനിൽക്കെയാണ് പലരും കുടുംബത്തെ കൂട്ടി കൂട്ടമായി എത്തിയത്.
ബീച്ച് തുറക്കാൻ അനുമതി വരുന്നതിന് മുമ്പുതന്നെ കടൽത്തീരത്തേക്ക് സഞ്ചാരികളുടെ പ്രവാഹം ആരംഭിച്ചിരുന്നു. ലൈഫ് ഗാർഡുകളും പൊലീസും ഏറെ പണിപ്പെട്ടാണ് പലരെയും തിരിച്ചയച്ചിരുന്നത്.
പുതുവർഷ ആശങ്ക
പുതുവർഷത്തെ വരവേൽക്കാൻ ആലപ്പുഴക്കാർ ഒത്തുചേരുന്ന ഇടമാണ് ബീച്ച്. ഇത്തവണ പരിപാടികളില്ലെങ്കിലും ആഘോഷിക്കാൻ ജനമെത്താനുള്ള സാദ്ധ്യതയുണ്ട്. ബീച്ച് തുറന്നതോടെ ആഘോഷ രാവുകളിൽ സാമൂഹിക അകലം നഷ്ടപ്പെടാൻ ഇടയാക്കുമോ എന്നാണ് ആശങ്ക. നിലവിൽ വൈകിട്ട് ഏഴു വരെ മാത്രമാണ് ബീച്ചിൽ പ്രവേശനാനുമതിയുള്ളത്. കുട്ടികൾക്ക് പുറത്തിറങ്ങാൻ അനുമതിയില്ലാത്തതിനാൽ ബീച്ചിനോട് ചേർന്നുള്ള പാർക്ക് തുറക്കാൻ അനുവാദമായിട്ടില്ല.
കച്ചവടം ഉഷാർ
മാസങ്ങളായി പൂട്ടിക്കിടന്ന കച്ചവടകേന്ദ്രങ്ങൾക്ക് ബീച്ച് തുറന്നതോടെ വീണ്ടും ഉണർവ്. ആലപ്പുഴ കടൽത്തീരത്ത് നിരവധിപ്പേരാണ് കച്ചവടം നടത്തി ഉപജീവനം തേടിയിരുന്നത്. കപ്പലണ്ടി കച്ചവടം മുതൽ ബലൂണും ഐസ്ക്രീമും കളിപ്പാട്ടങ്ങളും തുണിത്തരങ്ങളും വരെ ഇതിൽ ഉൾപ്പെടും. ബജിക്കടകൾ ഉൾപ്പടെ പുനരാരംഭിച്ചിട്ടുണ്ട്. കൊവിഡിന് പിന്നാലെ ഷിഗെല്ല ഭീതിയും തലപൊക്കിയതിനാൽ തുറസായ പ്രദേശത്ത് നിന്ന് പാനീയങ്ങൾ വാങ്ങാതിരിക്കാൻ പലരും ശ്രദ്ധിക്കുന്നുണ്ട്.