
ചേർത്തല: എസ്.എൻ.ഡി.പി യോഗത്തെയും തന്നെയും തകർക്കാൻ ചിലർ കോടതിയുടെ പേരിൽ പോലും വ്യാജവാർത്തകൾ സൃഷ്ടിക്കുന്നുവെന്ന് യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ പറഞ്ഞു.എസ്.എൻ.ഡി.പി.യോഗം കണിച്ചുകുളങ്ങര യൂണിയൻ മുൻ സെക്രട്ടറി കെ.കെ.മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തനിക്കെതിരെയും യോഗം വൈസ് പ്രസിഡന്റ് തുഷാർ വെളളാപ്പളളിക്കെതിരെയും ആലപ്പുഴ ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതി കേസ് രജിസ്റ്റർ ചെയ്തുവെന്ന വാർത്ത പച്ചക്കള്ളമാണ്. അവിടെനിന്ന് ഇങ്ങനെയൊരു ഉത്തരവ് ഉണ്ടായിട്ടില്ല. ഇത് സംബന്ധിച്ച ഹർജി ബുധനാഴ്ച കോടതിയിൽ വാദം കേൾക്കാനിരിക്കെയാണ് വ്യാജ വാർത്ത ഉണ്ടായത്. ചാനൽ ചർച്ച നടത്തിയാൽ തകരുന്നതല്ല എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വം. കേസ് എടുക്കാൻ കോടതി ഉത്തരവ് ഉണ്ടെന്ന് വരുത്തി ചാനലുകളിലും പത്രമാദ്ധ്യമങ്ങളിലും വ്യാജവാർത്ത നൽകിയത് സംബന്ധിച്ച് അന്വേഷണം ഉണ്ടാകണം. എസ്.എൻ.ഡി.പി യോഗത്തെയും തന്നെയും അപകീർത്തിപ്പെടുത്തി തകർക്കാനുള്ള കുത്സിത ശ്രമം തുടങ്ങിയിട്ട് നാളേറെയായി. വ്യാജവാർത്തകളിലൂടെ തന്നെ വേട്ടയാടുന്നതിന്റെ പിന്നിൽ ചില മാദ്ധ്യമ സുഹൃത്തുക്കളും ഉണ്ടെന്ന് തുറന്നു പറയേണ്ടിവരുന്നതിൽ സങ്കടമുണ്ട്. കോടതിയുടെ പേരിൽ വ്യാജവാർത്ത സൃഷ്ടിച്ചവർക്കെതിരെ നിയമപരമായ നടപടി വേണം. മഹേശന്റെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന നിലപാട് ആദ്യം സ്വീകരിച്ചത് താനാണ്. ഇപ്പോൾ ഐ.ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്. ഏത് അന്വേഷണവും നടക്കട്ടെ. തെറ്റ് ചെയ്യാത്തവർക്ക് ആരെയും പേടിക്കേണ്ടതില്ല. പച്ചക്കള്ളം പലതവണ പറഞ്ഞാൽ സത്യമാകില്ലെന്നും വെളളാപ്പളളി പറഞ്ഞു.
മഹേശന്റെ ആത്മഹത്യ: വെള്ളാപ്പള്ളിയെ പ്രതിചേർക്കാനാവില്ലെന്ന് പൊലീസ്
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, കെ.എൽ. അശോകൻ എന്നിവരെ പ്രതി ചേർക്കാനാവില്ലെന്ന് ആലപ്പുഴ ജുഡിഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതിയിൽ മാരാരിക്കുളം പൊലീസ് റിപ്പോർട്ട് നൽകി.
മഹേശന്റെ ഭാര്യ ഉഷാദേവി നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ വെള്ളാപ്പള്ളി അടക്കമുള്ളവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കഴിഞ്ഞ ദിവസം കോടതി നിർദ്ദേശിച്ചിരുന്നു. കേസ് രജിസ്റ്റർ ചെയ്യുന്നതിന് സാങ്കേതികമായി തടസങ്ങളുണ്ടെന്ന് ഇന്നലെ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് ചൂണ്ടിക്കാട്ടി. അസ്വാഭാവിക മരണത്തിന് നിലവിൽ കേസുണ്ടെന്നും ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം ഇത് അന്വേഷിച്ചു വരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ ലോക്കൽ പൊലീസ് അന്വേഷിച്ച കേസ്, മഹേശന്റെ കുടുംബത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് സർക്കാർ കൈമാറിയത്. ഇങ്ങനെ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ വീണ്ടും കേസ് രജിസ്റ്റർ ചെയ്യാനാവില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു. കേസിൽ ഇന്നും വാദം നടക്കും.