photo

ആലപ്പുഴ: രാമങ്കരി മണലാടി മഠത്തിൽപ്പറമ്പ് ലക്ഷംവീട് കോളനിയിൽ വഴിത്തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ പൊലീസിനെ അക്രമിച്ച കേസിൽ മൂന്ന് പേരെ കൂടി ഇന്നലെ അറസ്റ്റ് ചെയ്തു. ഇതോടെ പിടിയിലായവരുടെ എണ്ണം എട്ടായി.

രാമങ്കരി മണലാടി മഠത്തിൽപ്പറമ്പ് ലക്ഷംവീട് കോളനിയിൽ പ്രദീപ് (39), പുനിയാറ്റു താഴ്ചചിറയിൽ പി.ടി.ഷാജി (51), മഠത്തിൽപ്പറമ്പ് ലക്ഷംവീട് കോളനിയിൽ സുദർശനൻ(70) എന്നിവരെയാണ് ആലപ്പുഴ ഡിവൈ എസ്.പി എൻ.ആർ.ജയരാജ്, രാമങ്കരി സി.ഐ ജി.സുരേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നേരത്തെ അറസ്റ്റിലായ അഞ്ചു പേർ റിമാൻഡിലാണ്. 38 പേർക്കെതിരെയാണ് കേസ്. മറ്റു പ്രതികൾ ഒളിവിലാണ്.
കഴിഞ്ഞ 12 ന് പുലർച്ചെ രണ്ട് മണിയോടെയാണ് കേസിനാസ്പദമായ സംഭവത്തിന് തുടക്കം. കോളനിയിലേക്കുള്ള റോഡ് നിർമിക്കുന്നതിനായി സ്വകാര്യഭൂമിയിലെ 18 തെങ്ങുകൾ വെട്ടിമാറ്റിയത് അന്വേഷിക്കാൻ സ്ഥലത്തെത്തിയ പൊലീസും പ്രദേശവാസികളും തമ്മിലുണ്ടായ തർക്കം സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു.