മുതുകുളം: സാമൂഹിക പ്രവർത്തന മേഖലയിലെ സജീവ പ്രവർത്തനത്തിന്റെ കരുത്തിലാണ് കണ്ടല്ലൂർ പഞ്ചായത്ത് പത്താം വാർഡിൽ നിന്നുള്ള സുജി.സിയുടെ വിജയം നേടിയത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സുജി 352 വോട്ടിന്റെ ഭൂരിപക്ഷത്തോടെ എൽ.ഡി. എഫ് സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു.
1990ൽ സാക്ഷരതാമിഷനിലൂടെ സാമൂഹിക പ്രവർത്തനം തുടങ്ങിയ സുജി, സാക്ഷരതാ യജ്ഞം ഇൻസ്‌പെക്ടർ ,പ്രേരക് , പത്താം ക്ലാസ് തുല്യതാ പരീക്ഷാ സെന്റർ കോ ഓഡിനേറ്റർ, എ .ഡി.എസ് - സി .ഡി .എസ് ഭാരവാഹി, കുടുംബശ്രീ ജെൻഡർ പ്രോഗ്രാം ജില്ലാ സെലക്ടഡ് ആർ. പി എന്നീ നിലകളിൽ പ്രവർത്തിച്ചു. കണ്ടല്ലൂർ 1410 ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിന്റെ ഡയറക്ടർ ബോർഡിലേക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത് .2000-2005 കാലയളവിൽ സുജിയുടെ സഹോദരി അജിതാഭാസ്കരൻ ഈ വാർഡിനെ പ്രതിനിധീകരിച്ചിരുന്നു. കഴിഞ്ഞ തവണ ഇടതുപക്ഷം പിടിച്ചെടുത്ത വാർഡായിരുന്നു ഇത്.
അവിവാഹിതയായ സുജി, ഒരു മുഴുവൻ സമയ സാമൂഹിക പ്രവർത്തകയാണെന്ന് പറയാം. കണ്ടല്ലൂർ തെക്കൻ മേഖലയോട് കഴിഞ്ഞ കാലങ്ങളിലുണ്ടായ അവഗണന ഒഴിവാക്കി, പരമാവധി വികസനമാണ് തന്റെ ലക്ഷ്യമെന്ന് സുജി പറഞ്ഞു.