 
മാവേലിക്കര: കോടതി ജംഗ്ഷനിലും പരിസരത്തും അലഞ്ഞു തിരിഞ്ഞു നടന്ന ഇതര സംസ്ഥാനക്കാരന് തലവടി സ്നേഹഭവൻ അഭയമായി. മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസിലെ ലാബ് അസിസ്റ്റന്റായ തോമസ് വാഴക്കുന്നത്തിന്റെ നേതൃത്വത്തിലാണ് ബംഗാൾ സ്വദേശിയായ സോനുവിനെ (38) കഴിഞ്ഞ ഏതാനം മാസങ്ങളായി കുളിപ്പിച്ചും ഭക്ഷണം നൽകിയും സംരക്ഷിച്ചിരുന്നത്. മാവേലിക്കര സി.ഐ ബി.വിനോദ് കുമാർ ഇടപെട്ട് ജില്ലാ ആശുപത്രിയിൽ കൊവിഡ് പരിശോധന നടത്തിയ ശേഷമാണ് സോനുവിനെ സ്നേഹഭവനിലേക്ക് കൊണ്ടുപോയത്. മുൻ കൗൺസിലർ ജി.കോശി തുണ്ടുപറമ്പിൽ, തഹസിൽദാർ എസ്.സന്തോഷ് കുമാർ, ബേബിക്കുട്ടി, എസ്.ഐമാരായ എബി മാത്യു സാബു ജോർജ്, ഗോപാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് സോനുവിനെ സ്നേഹഭവനിൽ എത്തിച്ചത്. മനുഷ്യാവകാശ പ്രവർത്തകനായ ജി.സാമുവേൽ മുഖേന സോനുവിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി തോമസ് മനുഷ്യാവകാശ കമ്മിഷന് പരാതിയും നൽകിയിരുന്നു. സോനുവിനെ അഗതി മന്ദിരത്തിൽ എത്തിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മിഷനും താലൂക്ക് ലീഗൽ സർവീസസ് അതോറിട്ടിയും ഉത്തരവായിരുന്നു.