tv-r

തുറവൂർ: ഏതു സമയവും ഇടത്തേക്കോ വലത്തേക്കോ തിരിയാവുന്ന വാഹനമാണ് ഓട്ടോറിക്ഷ എന്നു തമാശയ്ക്ക് പറയാറുണ്ട്. പക്ഷേ, ഓട്ടോറിക്ഷ ഡ്രൈവറായ സുദർശനനെ ഇടത്തേക്കു തിരിക്കാൻ എൽ.ഡി.എഫും വലത്തേക്കു തിരിക്കാൻ യു.ഡി.എഫും ശ്രമിക്കുമ്പോൾ അതൊന്നും ഗൗനിക്കേണ്ടെന്ന ഉപദേശവുമായി എൻ.ഡി.എയും വട്ടം നിൽക്കുന്നു!

തുറവൂർ പഞ്ചായത്ത് ഏഴാം വാർഡിൽ നിന്ന് സ്വതന്ത്രനായി വിജയിച്ച ജി. സുദർശനൻ പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു പാർട്ടിയുടെയും പിന്തുണയില്ലാതെ വിജയിക്കുന്ന സ്വതന്ത്രനാണ്. പത്രവിതരണക്കാരൻ, ഓട്ടോറിക്ഷ ഡ്രൈവർ എന്നിങ്ങനെ രണ്ടു പ്രത്യക്ഷ മുഖങ്ങളുള്ള സുദർശനനെ നാട്ടുകാർ കാണുന്നത് തങ്ങൾക്ക് ഏതു സമയവും എങ്ങനെയും സഹായിക്കാൻ മനസുള്ളൊരു മനുഷ്യനായിട്ടാണ്. അതുതന്നെയാവും സി.പി.ഐയുടെ കുത്തകയായിരുന്ന വാർഡിൽ 69 വോട്ടിന് സുദർശനൻ ജയിക്കാനുള്ള കാരണവും. എ.ൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികൾ സഹോദരങ്ങളായിരുന്നു എന്നത് വാർഡിലെ മറ്റൊരു പ്രത്യേകത.

33കാരനായ സുദർശനന്റെ കന്നിയങ്കമാണിത്.വളമംഗലം വടക്ക് വാര്യംവീട്ടിൽ ഗോവിന്ദ പൈയുടേയും പരേതയായ സുശീലയുടെയും മകനാണ്. ആദ്യകാല പത്രം ഏജന്റായിരുന്ന അച്ഛനുമൊത്ത് ചെറുപ്പത്തിൽ തന്നെ പത്രവിതരണക്കാരനായി. തന്റെ ജീവിതത്തിൽ നിന്ന് വാർത്തയാവാതിരുന്ന ദുരിതവും പ്രാരാബ്ദ്ധങ്ങളും അല്പമൊന്ന് ലഘൂകരിക്കാൻ സുദർശനൻ പിന്നീട് ഓട്ടോ ഡ്രൈവറായി. തുറവൂർ സ്റ്റാൻഡിൽ ഓട്ടോ ടാക്സി ഓടിച്ചു ഉപജീവനം നടത്തുമ്പോഴും പൊതു പ്രവർത്തന രംഗത്ത് സജീവമായിരുന്നു. കേരളത്തിലെവിടെയും രക്തദാനത്തിന് സ്വന്തം ചെലവിൽ ഓടിയെത്തുമായിരുന്ന സുദർശന്റെ രക്ത ഗ്രൂപ്പ് അപൂർവ്വമായ ഒ നെഗറ്റീവ് ആണ്. സ്വന്തമായി ഒരു കിടപ്പാടമില്ല. അവിവാഹിതനാണ്.

കഴിഞ്ഞ തവണ എൽ.ഡി.എഫ് ഭരിച്ചിരുന്ന തുറവൂർ പഞ്ചായത്തിൽ ഇത്തവണ യു.ഡി.എഫിനാണ് ഭൂരിപക്ഷം. ആകെയുള്ള 18 സീറ്റിൽ യു.ഡി.എഫ് 9 ഉം എൽ.ഡി.എഫ് 7 ഉം സീറ്റുകൾ നേടി. എൻ.ഡി.എയ്ക്ക് ഒരു സീറ്റ്. ഭരണ സുരക്ഷയ്ക്ക് യു.ഡി.എഫും 'വിരട്ടൽ' ശക്തിയാവാൻ എൽ.ഡി.എഫും സുദർശനന്റെ പിന്തുണ തേടുന്നുണ്ട്!