
ചേർത്തല:സർക്കാർ അതിഥി മന്ദിരത്തിന് സമീപം പൊതുമരാമത്ത് ഓഫീസ് വളപ്പിൽ സൂക്ഷിച്ചിരുന്ന മണൽ കടത്തിയതായി പരാതി. ജെ.സി.ബിയും ടിപ്പറുമായെത്തി 19ന് ഉച്ചയോടെ 10 ലോഡോളം മണൽ ഇവിടെനിന്നും കടത്തിയതായികാട്ടി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ എൽ.രാജശ്രീ പൊലീസിൽ പരാതി നൽകി.പ്രധാന ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് തുടർ ചുമതലകളിലായതിനാൽ ഓഫീസ് പ്രവർത്തിച്ചിരുന്നില്ല.ഇതിന്റെ മറവിലാണ് മണൽകടത്തിയത്.നഗരത്തിൽ വിവിധ ഭാഗങ്ങളിൽ ഓടകൾ പുനർനിർമ്മിച്ചിരുന്നു.ഇവിടെ നിന്നും എത്തിച്ച മണലാണ് കനാലോരത്ത് സംഭരിച്ചിരുന്നത്.
ആരാണ് മണൽകയറ്റികടത്തിയതെന്ന് അധികൃതർക്കു വിവരം ലഭിച്ചിട്ടില്ല.മണൽ കടത്തുന്നതറിഞ്ഞ് അധികൃതർ എത്തിയപ്പോൾ കയറ്റിയ മണൽ ഉപേഷിച്ച് വാഹനങ്ങളുമായി കടന്നതായാണ് വിവരം.മോഷണം കാട്ടി ടിപ്പർ ലോറിയുടെ നമ്പരടക്കം പൊതുമരാമത്ത് അധികൃതർ ചേർത്തല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.ഒരു ലോഡ് മണലിന് ഇരുപതിനായിരത്തോളം രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്.