
ആലപ്പുഴ: കരുമാടിയെന്നാൽ ഏവരുടെയും മനസിലേക്കോടിയെത്തുന്നത് കരുമാടിക്കുട്ടനും ബൗദ്ധപാരമ്പര്യവുമാണ്. ഇവിടുത്തെ മുസാവരി ബംഗ്‌ളാവിന്റെ ചരിത്രപ്രാധാന്യം ഏറെപേർക്കുമറിയില്ല. എന്നാൽ ചരിത്രത്തിന്റെ ഇങ്ങേയറ്റത്തെ സവിശേഷമായ ഒരേടുമായി ബന്ധപ്പെട്ട് കിടക്കുന്നു ഈ ബംഗ്‌ളാവിന്റെ നാൾവഴികൾ. മഹാത്മജിയുടെ കാൽപ്പാടുകൾ ഇവിടെ പതിഞ്ഞെന്നും ഒരു ദിവസം അദ്ദേഹം ഇവിടെ അന്തിയുറങ്ങിയെന്നും അധികമാർക്കും അറിയാത്ത ചരിത്രവസ്തുതയാണ്.
വൈക്കം സത്യാഗ്രഹത്തിന് പോകുംവഴിയാണ് അദ്ദേഹം ഇവിടെ തങ്ങിയത്. ആ മുറി അതേപടിയുണ്ട് മുസാവരി ബംഗ്‌ളാവിൽ. എന്നാൽ ആ ഓർമ്മകൾക്ക് പ്രായം ഒരു നൂറ്റാണ്ടിനോടടുക്കുമ്പോൾ ജീർണതയുടെ ഇരുട്ട് കയറി ഇല്ലാതാകുകയാണ് രാജഭരണ കാലത്തെ ഈ അതിഥി മന്ദിരം. മാർത്താണ്ഡവർമ്മയ്ക്ക് ശേഷം നാട് ഭരിച്ച ധർമ്മരാജാവ് പണിതതാണ് കരുമാടിയിലുള്ള മുസാവരി. പഴയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് നിർമ്മാണം. ദേശീയ സ്മാരകമാക്കുമെന്ന് നേരത്തെ സർക്കാർ പ്രഖ്യാപനങ്ങൾ വന്നെങ്കിലും അത് നടന്നില്ല.
ബംഗ്‌ളാവിലെ മറ്റുമുറികളിലൊക്കെ സർക്കാർ ഓഫീസുകൾ കടന്നുകയറി. എന്നാൽ ഗാന്ധിജി താമസിച്ചമുറി പഴയതുപോലെ നിലനിർത്തുന്നു. പൊതുമരാമത്ത് വകുപ്പിന്റെ ഓഫീസുകളും കരുമാടി ഗവ. ആയുർവേദ ആശുപത്രിയും ബംഗ്‌ളാവിൽ പ്രവർത്തിക്കുന്നുണ്ട്. പക്ഷേ കെട്ടിടം വേണ്ട രീതിയിൽ അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കാൻ ആരുമില്ല. പരിസരമാകെ കാടുകയറി.
രണ്ട് തവണ ഗാന്ധിജി മുസാവരിയിൽ താമസിച്ചെങ്കിലും ആദ്യം എത്തിയത് കൃത്യമായി രേഖപെടുത്തിയിട്ടില്ല. 1937 ജനുവരി 17ന് തിരുവനന്തപുരത്തെത്തിയ ഗാന്ധിജി റോഡ് മാർഗം കൊല്ലത്തെത്തി ബോട്ടിൽ വൈക്കത്തേക്ക് തിരിക്കുകയായിരുന്നു. ജലപാതയ്ക്ക് സമീപം കൊല്ലത്തിനും വൈക്കത്തിനുമിടയിൽ കരുമാടിയിലെ മുസാവരി ബംഗ്‌ളാവ് മാത്രമാണ് അതിഥിമന്ദിരമായുള്ളത്. രാത്രി മഹാത്മജി ഇവിടെ തങ്ങി. ബംഗ്‌ളാവിന്റെ മുറ്റത്തെ കടവിലാണ് ഇറങ്ങിയത്. ഒട്ടേറെ പേർ ഗാന്ധിജിയെ കാണാനെത്തി. പിറ്റേന്ന് അഞ്ച് കിലോമീറ്റർ കാൽനടയായി തകഴിയിൽ. അവിടെ നിന്ന് ബോട്ടിൽ വൈക്കത്തേക്ക്.
ജലപാതയോരത്ത് 2.6 ഹെക്ടറിലുള്ള മുസാവരി ബംഗ്‌ളാവ് ഇപ്പോൾ പൊതുമരാമത്ത് വകുപ്പിന്റേതാണ്. കെ.സി. ജോസഫ് സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് ദേശീയ മ്യൂസിയമാക്കാൻ നടപടി സ്വീകരിച്ചിരുന്നു.പുരാവസ്തു വകുപ്പ് അനുകൂല റിപ്പോർട്ടും നൽകി. പിന്നീട് ചുവപ്പ് നാടയുടെ അഴിയാക്കുരുക്കുകളിൽ മഹാത്മജിയുടെ ഓർമ്മകളും അകപ്പെടുകയായിരുന്നു.
രണ്ട് തവണ മഹാത്മജി മുസാവരിയിൽ എത്തിയതായി ഓർക്കുന്നു. വൈക്കം സത്യാഗ്രഹ സമയത്തും തിരുവിതാംകൂർ സന്ദർശന വേളയിലും. മുസാവരിയിൽ എത്തിയ ഗാന്ധിജിയെ കാണാൻ പോകുമ്പോൾ പ്രായം 16 വയസ്. രാവിലെ വൈക്കത്തേക്കുള്ള യാത്ര തുടങ്ങുന്ന സമയത്താണ് ഞാൻ എത്തിയത്. ചെറുപ്രായത്തിന്റെ ആവേശത്തിൽ മഹാത്മജിയുടെ കൈയിൽ പിടിച്ച് ചുംബനം നൽകിയത് 103-ാം വയസിലും ഓർക്കുന്നു
പി.കെ.രാമൻ, ഗോവിന്ദ ഭവനം, കഞ്ഞിപ്പാടം
ഗാന്ധിജി താമസിച്ച മുസാബരി ബംഗ്ളാവ് സാംസ്കാരിക വകുപ്പോ പുരാവസ്തു വകുപ്പോ ഏറ്റെടുത്ത് സംരക്ഷിത സ്മാരകമായി നിലനിറുത്താൻ നടപടി സ്വീകരിക്കണം
കരുമാടി മുരളി, ബ്ളോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്