s

ആലപ്പുഴ: ഒന്നാം നിര മരുന്നുകളോട് പ്രതിരോധം നേടിയ രോഗാണുക്കൾ മൂലമുണ്ടാകുന്ന ക്ഷയ രോഗികൾക്കായുള്ള പ്രത്യേക ടി.ബി വാർഡ് (മൾട്ടി ഡ്രഗ് റസിസ്​റ്റന്റ് ടി.ബിക്കാർ) കളക്ടർ എ.അലക്‌സാണ്ടർ ഉദ്ഘാടനം ചെയ്തു.

ജില്ല ക്ഷയരോഗ കേന്ദ്രത്തിന്റെ കീഴിൽ ജില്ല ആശുപത്രി കോമ്പൗണ്ടിലാണ് പുതിയ കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി രണ്ട് വാർഡുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ മാരകമായ ഇത്തരം രോഗബാധിതർക്ക് നടത്തേണ്ട ചെലവേറിയ ലാബ് ടെസ്​റ്റുകൾ, മരുന്നുകൾ എന്നിവ ഇവിടെ സൗജന്യമായാണ് ലഭിക്കുക. വിദഗ്ദ്ധ ഡോക്ടറുടെ സേവനം, ക്ലിനിക്കൽ ഇൻവെസ്റ്റിഗേഷൻ എന്നിവയെല്ലാം ലഭ്യമാണ്. ഡി.എം.ഒ ഓഫീസിനുമുന്നിൽ ജില്ല ആശുപത്രിയിൽ ഒഴിഞ്ഞുകിടന്ന വയോജന വാർഡ് വിപുലീകരിച്ചാണ് പുതിയ സൗകര്യം ഒരുക്കിയിട്ടുള്ളത്.

ചടങ്ങിൽ വാർഡ് കൗൺസിലർ കെ.എസ്.കവിത അദ്ധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എൽ. അനിതകുമാരി, ജില്ല ടി.ബി.ഓഫീസർ ഡോ.നിതാ എസ്.നായർ, ചീഫ് കൺസൾട്ടന്റ് ഡോ.കെ.വേണുഗോപാൽ, സീനിയർ കൺസൾട്ടന്റ് ഡോ.കെ.എ.മുഹമ്മദ് സലിം തുടങ്ങിയവർ പങ്കെടുത്തു. കൂടുതൽ മാരകമായ എം.ഡി.ആർ.ടി.ബിയ്ക്ക് കൂടുതൽ ശക്തിയേറിയ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സയാണ് നൽകുന്നത്. 18 മുതൽ 20 മാസം വരെയാണ് ചികിത്സാ കാലാവധി.